ദുല്‍ഖറിന്റെയും കീര്‍ത്തിസുരേഷിന്റെയും മഹാനടിയുടെ ഗംഭീര ഓഡിയോ ലോഞ്ച് ഹൈദരാബാദില്‍

യുവനടന്‍ ദുല്‍ഖര്‍സല്‍മാന്‍ നായകനാകുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം മഹാനടിയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞു. തെലുങ്ക് സൂപ്പര്‍താരങ്ങളായ നാഗാര്‍ജ്ജുന, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അതിഥികളായ ചടങ്ങില്‍ ആയിരക്കണക്കിന് ആളുകളാണ് പെങ്കടുത്തത്. സിനിമയിലെ പ്രധാന താരങ്ങളായ ദുല്‍ഖര്‍, കീര്‍ത്തി സുരേഷ്, സാമന്ത, വിജയ് ദേവരകൊണ്ട എന്നിവരും നൂറ് കണക്കിന് ടെക്‌നിഷ്യന്‍മാരും ചടങ്ങിലുണ്ടായിരുന്നു.

തെന്നിന്ത്യയിലെ എക്കാലത്തെയും വലിയ ലേഡി സൂപ്പര്‍സ്റ്റാറായ സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് മഹാനടി. തമിഴിലും തെലുങ്കിലും പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. കീര്‍ത്തി സുരേഷാണ് സാവിത്രിയാകുന്നത്.

ശ്രീവെണ്ണല സീതാരാമ ശാസ്ത്രിയുടെ വരികള്‍ക്ക് മിക്കി ജെ മെയര്‍ ഈണമിട്ട മഹാനടിയിലെ മനോഹര ഗാനങ്ങള്‍ സദസ്സില്‍ കേള്‍പ്പിച്ചിരുന്നു. ഗാനങ്ങള്‍ യൂട്യൂബില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലെ മൂഗമനസുലൂ എന്നു തുടങ്ങുന്ന ഗാനം 10 ലക്ഷത്തിലധികം പേരാണ് കണ്ടത്.
വൈജയന്തി മൂവീസിെന്റ ബാനറില്‍ അശ്വിനി ദത്ത്, പ്രിയങ്ക ദത്ത്, സ്വപ്ന ദത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഹോളിവുഡില്‍ നിന്നുള്ള ഡാനി സാലോയാണ്. 9ന് ലോകവ്യാപകമായി ചിത്രം തിയറ്ററുകളിലെത്തും. തമിഴില്‍ നടിഗയര്‍ തിലകം എന്ന പേരിലാണ് മഹാനടി എത്തുക. കേരളത്തിലും നൂറിലധികം തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

നാഗാര്‍ജ്ജുന മുതല്‍ കീരവാണി വരെ സംസാരിച്ച ബ്രഹ്മാണ്ഡമായ വേദിയില്‍ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍സല്‍മാന് നിറഞ്ഞ കയ്യടിയോടെയായിരുന്നു സ്വീകരണം ലഭിച്ചത്. സഹതാരങ്ങളായ വിജയ് ദേവരകൊണ്ഡ, സാമന്ത, കീര്‍ത്തി, എന്നിവരെയും സംവിധായകന്‍ നാഗ് അശ്വിനെയും അഭിനന്ദിച്ച ദുല്‍ഖര്‍ ദുല്‍ഖര്‍ ഇത്രയും വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വേദിയില്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് മഹാനടി. കീര്‍ത്തി സുരേഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശനായാണ് ദുല്‍ഖര്‍ എത്തുന്നത്.

Top