ബിഎംഡബ്ല്യുവിന്റെ 740 ഐഎല്‍ സ്വന്തമാക്കി ദുല്‍ഖര്‍

സിനിമാ താരങ്ങളിലെ വാഹനപ്രേമികളുടെ കണക്കെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാവും ദുല്‍ക്കര്‍ സല്‍മാന്‍. ആരും കൊതിക്കുന്ന ക്ലാസിക്ക് കാറുകളുടെ നീണ്ട നിര തന്നെയുണ്ട് താരത്തിന്റെ ഗ്യാരേജില്‍. ബെന്‍സ് എസ്എല്‍എസ് എഎംജി, ടൊയോട്ട സുപ്ര, ബെന്‍സ് ഡബ്ല്യു 123, ജെ80 ലാന്‍ഡ് ക്രൂസര്‍, മിനി കൂപ്പര്‍, വോള്‍വോ 240 ഡിഎല്‍ തുടങ്ങിയ വിന്റേജ് കാറുകളുള്ള ദുല്‍ക്കറിന്റെ ഗ്യാരേജിലേയ്‌ക്കൊരു ക്ലാസിക് താരം കൂടി എത്തിയിരിക്കുകയാണ്. ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാറായ 740 ഐഎല്ലാണ് ദുല്‍ഖറിന്റെ പുതിയ കാര്‍.

1994 മുതല്‍ 2001 വരെ നിര്‍മിച്ച ബിഎംഡബ്ല്യു 7 ഇ 38 സീരിസിലെ കാറുകളിലൊന്നാണ് ഇത്. 2002 ല്‍ ഇന്ത്യയിലേയ്ക്ക് ഇറക്കുതി ചെയ്ത കാറില്‍ 4398 സിസി എന്‍ജിനാണ് ഉപയോഗിക്കുന്നത്. 290 ബിഎച്ച്പി കരുത്തും 440 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുറത്തിറങ്ങിക്കൊണ്ടിരുന്ന കാറിന്റെ വളരെ കുറച്ച് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകള്‍ മാത്രമേ വിപണിയിലെത്തിയിട്ടുള്ളു.

റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ ധീരുഭായ് അംബാനിയും 2001ല്‍ ബിഎംഡബ്ല്യു 7 (ഇ38) സീരിസ് ഇറക്കുമതി ചെയ്തിട്ടുണ്ട്. എല്‍7 എന്ന സ്‌പെഷ്യല്‍ എഡിഷനായിരുന്നു അത്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, ഹെഡ്ലൈറ്റ് വാഷര്‍, റെയിന്‍ സെന്‍സറിങ് വൈപ്പര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, തുടങ്ങി അക്കാലത്ത് അത്യാഡംബരമായിരുന്ന നിരവധി ഫീച്ചറുകള്‍ കാറിലുണ്ട്. കര്‍ട്ടന്‍ എയര്‍ബാഗുകളോടെ വിപണിയിലെത്തുന്ന ആദ്യ കാര്‍, സാറ്റ്‌ലേറ്റ് നാവിഗേഷന്‍ സിസ്റ്റ് നല്‍കുന്ന ആദ്യ യൂറോപ്യന്‍ കാര്‍, ബില്‍ഡ് ഇന്‍ ടെലിവിഷന്‍ സെറ്റോടുകൂടിയെത്തുന്ന ആദ്യ ബിഎംഡബ്ല്യു തുടങ്ങി നിരവധി സവിശേഷതകളുണ്ട് ഇ 38 സീരിസ് കാറിന്.

Top