വരനെ ആവശ്യമുണ്ട്; നായ വിവാദത്തില്‍ മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: വരനെ ആവശ്യമുണ്ട് ചിത്രത്തില്‍ നായയുടെ പേരിനെച്ചൊല്ലിയുള്ള വിവാദത്തില്‍ മാപ്പുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍.
സിനിമയില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിച്ചതാണ് ഏറെ വിവാദമുണ്ടാക്കിയത്.
സിനിമ കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരുന്നു. ഇതോടെയാണ് നിരവധിപ്പേര്‍ വിമര്‍ശനം ഉയര്‍ത്തിയത്.

ചിത്രത്തിലെ പരാമര്‍ശം തമിഴ് ജനതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ആ രംഗമെന്നും ദുല്‍ഖര്‍ സല്‍മാന്‍ ക്ഷമാപണത്തില്‍ വ്യക്തമാക്കി. മലയാളസിനിമയിലെ സൂപ്പര്‍ ഹിറ്റ് പടങ്ങളിലൊന്നായ പട്ടണ പ്രവേശത്തിലെ തമാശ രംഗങ്ങളിലൊന്നായിരുന്നു ആ രംഗത്തിന് കാരണമായതെന്നും ദുല്‍ഖര്‍ വിശദമാക്കി.

ആ രംഗത്തെക്കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് അത് തങ്ങളോട് പ്രകടിപ്പിക്കാമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നു. രംഗത്തെക്കുറിച്ച് വിമര്‍ശനമുയര്‍ത്തുന്നവരില്‍ ചിലര്‍ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മനപൂര്‍വ്വം കുടുംബാംഗങ്ങളെ ഇതിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത്തരം പ്രതികരണങ്ങള്‍ ഉചിതമല്ലെന്നും ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിക്കുന്നു. ചിത്രത്തില്‍ അനുമതി കൂടാതെ തന്റെ ചിത്രമുപയോഗിച്ചുവെന്ന് പരാതിപ്പെട്ട യുവതിയോട് കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ മാപ്പുപറഞ്ഞത്.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ സംവിധായക അരങ്ങേറ്റചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സ്‌ക്രീനിലേക്ക് സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ്, കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാളചിത്രം, ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനി വേഫെയറര്‍ ഫിലിംസിന്റേതായി ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം തുടങ്ങിയ പ്രത്യേകതകളൊക്കെയുണ്ടായിരുന്നു ഈ സിനിമയ്ക്ക്.

Top