Dulquer Salmaan In Sathyan Anthikad Movie

മലയാളത്തില്‍ സൂപ്പര്‍സ്റ്രാര്‍ പദവിയിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന യുവനടന്‍ ദുല്‍ക്കര്‍ സല്‍മാന് കൈനിറയെ ചിത്രങ്ങളാണ്. മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കളിക്കളം എന്നിവയൊക്കെ മലയാളിയുടെ മനസില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരു സിനിമയൊരുക്കുന്നു.

ഇഖ്ബാല്‍ കുറ്റിപ്പുറമാണ് സത്യന്റെ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിനിമയുടെ പ്രമേയം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടാന്‍ സത്യന്‍ തയ്യാറായില്ലെങ്കിലും പ്രണയത്തിന് പ്രാധാന്യമുള്ള കുടുംബ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. മമ്മൂട്ടിയുമൊത്തുളള മാജിക് ദുല്‍ക്കറിനൊപ്പവും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് സത്യന്‍.

ചിത്രത്തിലെ നായികയേയും മറ്റു കഥാപാത്രങ്ങളേയും തീരുമാനിച്ചിട്ടില്ല. ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങാനാണ് സത്യന്റെ പദ്ധതി. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ എന്നും എപ്പോഴും എന്ന സിനിമയാണ് സത്യന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.

അതേസമയം, സത്യന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുല്‍ക്കറാണ് നായകന്‍. ഹിറ്റ് തിരക്കഥാ കൃത്തുക്കളായ ബോബിസഞ്ജയ് ആണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുക. ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു വേഷത്തിലായിരിക്കും ദുല്‍ക്കര്‍ ഈ സിനിമയില്‍ എത്തുക.

Top