Dulquer Salmaan facebook post

മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ? ദുല്‍ഖര്‍ സല്‍മാന്‍ ചാര്‍ലിയില്‍ പറഞ്ഞ ഈ ഡയലോഗിന് പിന്നാലെ കേരളത്തിലെ സഞ്ചാരികളുടെ യാത്രാലക്ഷ്യങ്ങളിലൊന്നായി മീശപ്പുലിമല മാറി.

മീശപ്പുലിമല നേരത്തെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്നുവെങ്കിലും ചാര്‍ലിയും മീശപ്പുലിമലയെക്കുറിച്ചുള്ള വിവരണവും ഹിറ്റായതിന് പിന്നാലെയാണ് ഇവിടേക്കുള്ള യാത്രികരുടെ എണ്ണം ക്രമാതീതമായി കൂടിയിയത്.

മീശപ്പുലിമലയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ഏറിയതോടെ ഇവിടം മാലിന്യക്കൂമ്പാരമായി മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

പരിസ്ഥിതി പ്രാധാന്യമുള്ള ഈ മേഖലയെ മാലിന്യക്കൂനയാക്കരുതെന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ അപേക്ഷിക്കുന്നത്.

പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും നിക്ഷേപിച്ച് മീശപ്പുലിമലയുടെ സ്വാഭാവിക പ്രകൃതിയെ ഇല്ലാതാക്കരുത്. ചരിത്രപ്രസിദ്ധവും സാംസ്‌കാരിക പാരമ്പര്യം പേറുന്നതുമായ ഇടങ്ങളെ നമുക്ക് സംരക്ഷിക്കാമെന്നും ദുല്‍ഖര്‍ പറയുന്നു.

വരുംതലമുറയ്ക്കായി ഈ പ്രദേശങ്ങളെ സ്വാഭാവികതയോടെയും വിശുദ്ധിയോടെയും കരുതിവയ്ക്കാമെന്നും ദുല്‍ഖര്‍ ആഹ്വാനം ചെയ്യുന്നു.

മൂന്നാറിന് നിന്ന് മീശപ്പുലിമലയിലേക്ക് അനധികൃത വഴികളിലൂടെ യാത്രികര്‍ എത്തുന്നതും ആവാസവ്യവസ്ഥയ്ക്ക് പരുക്കേല്‍പ്പിക്കും വിധം ഇടപെടുന്നതും ഇവിടെയുള്ള ജൈവവൈവിധ്യത്തെ ഇല്ലാതാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

മൂന്നാറിന് അടുത്തുള്ള മീശപ്പുലിമല പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ്. മൂന്നാറില്‍നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാല്‍ മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പില്‍ എത്താം.

Top