ആ സൗഹൃദം വീണ്ടും; കുറുപ്പില്‍ ദുല്‍ഖറിനൊപ്പം സണ്ണി വെയ്നും

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ആരംഭിച്ച സൗഹൃദമാണ് ദുല്‍ഖര്‍ സല്‍മാന്റെയും സണ്ണി വെയ്നിന്റേതും. ഇരുവരും ഒന്നിച്ച് അധിക സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും ആ സൗഹൃദം ഇന്നും നിലനില്‍ക്കുന്നു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.

കുപ്രസിദ്ധ പിടികിട്ടാ പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും കഥ രചിച്ച ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഡാനിയല്‍ സായൂജ് നായര്‍, കെ എസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ്. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

Top