ദുൽഖറിനെ കാണാൻ ജനം ഇരച്ചെത്തി ; കൊണ്ടോട്ടിയിൽ ജനസാഗരം; സോഷ്യൽ മീഡിയ വൈറൽ

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ഉദ്ഘാടനത്തിന് എത്തിയ നടൻ ദുൽഖർ സൽമാനെ കാണാൻ ഇരച്ചെത്തി ജനം. ഇതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദുൽഖർ സ്റ്റേജിൽ എത്തിയപ്പോൾ ആർത്തിരമ്പുന്ന ജനത്തിൻറെ ചിത്രങ്ങളും വീഡിയോകളും വിവിധ സിനിമ പേജുകളിൽ വൈറലാണ്. ‘സുന്ദരി പെണ്ണെ’ എന്ന ​ഗാനം ദുൽഖർ വേദിയിൽ ആലപിക്കുകയും ചുവടുവയ്ക്കുകയും ചെയ്തു.

കൊണ്ടോട്ടിയിലെ റോഡ് മുഴുവൻ ജനങ്ങളെ കൊണ്ട് നിറഞ്ഞതിനാൽ വളരെ പണിപ്പെട്ടാണ് പൊലീസ് ഗതാഗതവും മറ്റും നിയന്ത്രിച്ചത് എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്.

അതേ സമയം നടൻ ദുൽഖർ സൽമാനൊപ്പം സെൽഫി എടുത്ത് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സജു ഉൾപ്പെടെയുള്ളവരേയും ദുൽഖറിനൊപ്പം ഫോട്ടോയിൽ കാണാം. നടനെ കാണാനെത്തിയ ആരാധകരുടെ തിരക്കുകൊണ്ട് മണിക്കൂറുകളോളമാണ് കൊണ്ടോട്ടിയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിൻറെ അടുത്തതായി വരാനുള്ള ചിത്രം. ഈ വർഷത്തെ ഓണം റിലീസ് ആയി ദുൽഖറിൻറെ ഒരു വലിയ പ്രോജക്റ്റ് തിയറ്ററുകളിലേത്ത് എത്തും. സിനിമയുടെ ചിത്രീകരണം ഇന്ന് പൂർത്തിയായി.ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായ കിംഗ് ഓഫ് കൊത്തയാണ് ഈ ചിത്രം.

സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അണിയറക്കാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 44 സെക്കൻഡ് ദൈർഘ്യമുള്ള ഒരു പാക്കപ്പ് വീഡിയോയിലൂടെയാണ് അവർ ഇക്കാര്യം പങ്കുവച്ചിരുന്നു. കഥാപാത്രത്തിൻറേതെന്ന് തോന്നിപ്പിക്കുന്ന ഒരു ഡയലോഗും ദുൽഖർ വീഡിയോയിൽ പറയുന്നുണ്ട്. തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ എന്നാണ് അത്. 95 ദിവസം നീണ്ട ചിത്രീകരണം തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് അവസാനിച്ചിരിക്കുന്നത്.

Top