Dulkhar’s theevram movie tamil dubbing version issues

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തീവ്രത്തിന്റെ തമിഴ് ഡബ്ബിംഗ് പതിപ്പിനെതിരെ സംവിധായകന്‍ രൂപേഷ് പീതാംബരന്‍. നിര്‍മാതാവ് വി.സി. ഇസ്മായിലിന്റെ തരംതാണ പ്രവര്‍ത്തിയാണ് ഇതെന്നും സിനിമ തമിഴിലേക്ക് ഡബ്ബ് ചെയ്തത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നും രൂപേഷ് പറഞ്ഞു. രൂപേഷ് പീതാംബരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു തീവ്രം.

ആത്തിരം എന്ന പേരില്‍ തമിഴിലേക്ക് ഡബ് ചെയ്തപ്പോള്‍ സിനിമയുടെ നിലവാരം നഷ്ടപ്പെട്ടുവെന്നും രൂപേഷ് ആരോപിച്ചു.

ഒരു സിനിമയുടെ അന്യഭാഷയിലേക്കുള്ള ഡബ്ബിംഗ് അവകാശം വില്‍ക്കുമ്പോള്‍ സംവിധായകനോടും എഴുത്തുകാരനോടും അനുവാദം വാങ്ങിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇസ്മായില്‍ ഇതെല്ലാം ലംഘിച്ചിരിക്കുകയാണെന്ന് രൂപേഷ് ആരോപിക്കുന്നു. എന്നാല്‍, താന്‍ ഇതിന്റെ പേരില്‍ നിയമ നടപടികള്‍ക്ക് ഒന്നും പോകാന്‍ താല്പര്യപ്പെടുന്നില്ലെന്നും രൂപേഷ് വ്യക്തമാക്കി.

അതേസമയം തീവ്രം മോശം സംവിധാനം കൊണ്ട് പരാജയപ്പെട്ട ചിത്രമാണെന്നും തനിക്ക് ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് സിനിമ കൊണ്ട് ഉണ്ടായതെന്നും നിര്‍മ്മാതാവ് വി.സി. ഇസ്മായില്‍ പറഞ്ഞു.

സിനിമ പരാജയപ്പെട്ടിട്ടും താനിതുവരെ രൂപേഷിനോട് ഒരിക്കല്‍ പോലും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല. സിനിമയുടെ തമിഴ് ഡബ്ബിംഗ് അവകാശം വില്‍ക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ നഷ്ടമുണ്ടായതല്ലേ കിട്ടുന്നതെങ്കിലും കിട്ടട്ടെ എന്നായിരുന്നു രൂപേഷ് മറുപടി നല്‍കിയിരുന്നതെന്നും ഇസ്മയില്‍ വിശദീകരിച്ചു. രൂപേഷ് ഇപ്പോള്‍ തന്നെക്കുറിച്ച് പറയുന്നതൊക്കെ അദ്ദേഹത്തിന്റെ പക്വതയില്ലായ്മയാണെന്നും ഇസ്മായില്‍ ആരോപിച്ചു.

അതേസമയം തീവ്രത്തിന്റെ തമിഴ് ഡബ്ബിംഗ് പതിപ്പിനെക്കുറിച്ച് നായകനായ ദുല്‍ഖര്‍ സല്‍മാനും അറിവില്ലെന്നാണ് സൂചനകള്‍. ഇതേക്കുറിച്ച് നേരിട്ടൊരു അഭിപ്രായ പ്രകടനം നടത്താന്‍ ദുല്‍ഖറിന് താല്പര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം.

Top