ദുല്‍ഖറിന്റെ കുറുപ്പില്‍ ചാക്കോയാവാന്‍ ടൊവിനോ; സസ്‌പെന്‍സ്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തില്‍ ചാക്കോയായി വേഷമിടുന്നത് ടൊവിനോ തോമസ് ആണ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ പ്രമേയം ഇങ്ങനെയാണ്. മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് സുകുമാരക്കുറുപ്പ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുന്നു. ശേഷം ആരും അറിയാതെ ചാക്കോയുടെ ശവശരീരം ചുട്ടുകരിക്കുന്നു. തുടര്‍ന്ന് താനാണ് കൊല്ലപ്പെട്ടതെന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് മുപ്പതു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരക്കുറിപ്പ് ശ്രമിക്കുന്നു.

മോഡലും നര്‍ത്തകിയുമായ ശോഭിത ധൂലിപാല്‍ നായികയാവുന്ന കുറുപ്പില്‍ ഇന്ദ്രജിത്ത്, സണ്ണിവയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പാലക്കാടും പരിസരപ്രദേശങ്ങളിലുമായി നടന്നു. കുറുപ്പിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ ജനുവരിയില്‍ തുടങ്ങും. മുംബൈയും അഹമ്മദാബാദുമാണ് പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ നിര്‍മ്മാണം എം. സ്റ്റാര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ്. രചന നിര്‍വഹിക്കുന്നത് കെ എസ് അരവിന്ദും ഡാനിയേല്‍ സായൂജ് നായരും ചേര്‍ന്നാണ്.

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിച്ച സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാന രംഗത്തേക്ക് ചുവട് വെച്ചത്. നേരത്തെ ദുല്‍ഖര്‍ നായകനായ എബിസിഡി എന്ന സിനിമയിലും ടൊവിനോ തോമസ് ഉണ്ടായിരുന്നു. അതില്‍ പ്രതിനായകനായിട്ടായിരുന്നു ടൊവിനോ പ്രത്യക്ഷപ്പെട്ടത്. അഖില്‍ പോളും അനസ്ഖാനും
ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഫോറന്‍സിക് എന്ന ചിത്രത്തിലാണ് ടൊവിനോ ഇപ്പോള്‍ അഭിനയിക്കുന്നത്.

Top