‘സമൻസ് പിൻവലിക്കണം, തുടരന്വേഷണം വിലക്കണം’; ഇഡിക്കെതിരെ തോമസ് ഐസക് ഹൈക്കോടതിയിൽ

കൊച്ചി: കിഫ്ബി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം.തോമസ് ഐസക്. ഇഡി തനിക്ക് അയച്ച സമൻസ് പിന്‍വലിക്കാൻ നിർദേശം നൽകണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസക്ക് ആരോപിക്കുന്നു. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്താണെന്ന് നിര്‍വചിച്ചിട്ടില്ല. ഇഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണെന്നും കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും തോമസ് ഐസകിന്റെ ഹ‍ർജിയിൽ ഉണ്ട്. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക് വ്യക്തമാക്കി. സർക്കാർ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും കിഫ്ബിക്കെതിരായ ഇഡി നീക്കം ഇതിൻ്റെ ഭാഗമാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

Top