എംവിഡിയുടെ പരിശോധന കാരണം സര്‍വീസ് നടത്താനാവുന്നില്ല;കോടതിയലക്ഷ്യ ഹര്‍ജിയുമായി ബസുടമ

മോട്ടോര്‍വാഹന വകുപ്പിന്റെ തുടര്‍ച്ചയായ പരിശോധനയും വാഹനം പിടിച്ചെടുക്കലും കാരണം സര്‍വീസ് നടത്താനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി റോബിന്‍ ബസ് ഉടമ കെ. കിഷോര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഗതാഗതവകുപ്പു സെക്രട്ടറി സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചു. ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി ജനുവരി 22-നു വീണ്ടും പരിഗണിക്കും.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍ റൂള്‍സ് പ്രകാരം ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത് കോണ്‍ട്രാക്ട് കാര്യേജിനുള്ള പെര്‍മിറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ദേശസാത്കൃത റൂട്ടുകളില്‍ ഉള്‍പ്പെടെ സര്‍വീസ് നടത്താനും യാത്രക്കാരെ കയറ്റിയിറക്കാനും ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) ചട്ടം 2023-ലെ ചില വ്യവസ്ഥകള്‍ മോട്ടര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി. നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര റോഡ് ഗതാഗത അണ്ടര്‍ സെക്രട്ടറി സുശീല്‍കുമാര്‍ ജീവ എതിര്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.

സര്‍വീസ് നടത്താന്‍ അനുകൂല ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുന്നെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിന്‍ ബസിന് മോട്ടോര്‍ വാഹന വകുപ്പു പലതവണ പിഴ ചുമത്തിയിരുന്നു. പിഴ അടയ്ക്കാത്തതിനെത്തുടര്‍ന്ന് ബസ് പിടിച്ചെടുത്തിരുന്നു. കോണ്‍ട്രാക്ട് കാരേജ് ലൈസന്‍സുള്ള റോബിന്‍ ബസ് സ്റ്റേജ് കാരേജായി ഓടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നടപടിയെടുത്തത്.

Top