ധൈര്യമായി കരഞ്ഞോളൂ, കോടതി ഒപ്പമുണ്ട്; താറാവ് കൂട്ടത്തിനെതിരെ വിചിത്രമായ കേസ്

നുഷ്യനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞാല്‍ എത്ര നേരം അങ്ങിനെ തുടരാന്‍ കഴിയും? അങ്ങനെയുള്ളപ്പോള്‍ പക്ഷികളുടെ ശബ്ദം ബുദ്ധിമുട്ടാണെന്നും തടയണമെന്നും കേസ് കൊടുത്താലോ? ഫ്രാന്‍സിലെ ഒരു ഫാമിലെ വെള്ളത്തില്‍ നീന്തിയ താറാവുകൂട്ടത്തിന് എതിരെയാണ് അയല്‍വാസി പരാതി നല്‍കിയത്. എന്നാല്‍ പക്ഷികളുടെ കരച്ചില്‍ തടയാന്‍ കഴിയില്ലെന്നും തുടര്‍ന്നും കരയാനുമാണ് ഫ്രഞ്ച് കോടതി ഉത്തരവിട്ടത്.

അറുപതോളം വരുന്ന താറാവ് കൂട്ടത്തിന്റെ ശബ്ദം അംഗീകരിച്ച പരിധിയില്‍ തന്നെയാണെന്ന് ഡാക്‌സ് പട്ടണത്തിലെ കോടതി വ്യക്തമാക്കി. സൗത്ത് വെസ്റ്റ് ഫ്രാന്‍സിലെ പൈറീനെസ് കുന്നുകളുടെ കീഴിലുള്ള ചെറിയ ഫാമില്‍ മുന്‍ കര്‍ഷകനായ ഡോമിനിക് ഡൗത്തെയുടെതാണ് ഈ പക്ഷികള്‍. ‘താറാവുകള്‍ വിജയിച്ചിരിക്കുന്നു. ഞാന്‍ ഏറെ സന്തോഷവാനാണ്, എനിക്ക് താറാവുകളെ അറക്കാന്‍ താല്‍പര്യമുണ്ടായില്ല’, ഡൗത്തെ പറഞ്ഞു.

ഒരു വര്‍ഷം മുന്‍പ് ഫാമിന് അടുത്ത് താമസത്തിനെത്തിയ അയല്‍വാസിയാണ് ഡൗത്തെയുടെ താറാവുകള്‍ക്ക് എതിരെ കേസ് നല്‍കിയത്. താറാവുകള്‍ സസുഖം നീന്തിനടക്കുന്ന പ്രദേശത്ത് നിന്ന് 50 മീറ്റര്‍ മാറിയാണ് പുതിയ താമസക്കാര്‍ എത്തിയത്. നഗരപ്രദേശങ്ങളില്‍ നിന്നും ഗ്രാമീണ മേഖലയിലേക്ക് താമസം മാറ്റുന്നവരാണ് പരമ്പരാഗത ഫ്രഞ്ച് രീതികള്‍ക്കെതിരെ കോടതികളെ സമീപിക്കുന്നത്.

താറാവുകളുടെ കരച്ചില്‍ മൂലം പൂന്തോട്ടത്തില്‍ വിശ്രമിക്കാനും, വീടിന്റെ ജനറല്‍ തുറന്നിട്ട് ഉറങ്ങാനും സാധിക്കുന്നില്ലെന്നാണ് അയല്‍ക്കാര്‍ പരാതി നല്‍കിയത്. ശബ്ദം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം. 3500 യൂറോ നഷ്ടപരിഹാരവും വേണം, ഇവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു റൂസ്റ്ററിന് രാവിലെ എഴുന്നേറ്റ് കൂവാനുള്ള അവകാശം നല്‍കിയ വിധിക്ക് പിന്നാലെയാണ് ഈ കേസ്.

Top