പാലക്കാടും കുട്ടനാട്ടിലും പക്ഷിപ്പനി ഇല്ല; താറാവുകള്‍ ചത്തത് ബാക്ടീരിയ മൂലം

ആലപ്പുഴ: പാലക്കാടും കുട്ടനാട്ടിലും പക്ഷിപ്പനി ഇല്ലെന്ന് സ്ഥിരീകരിച്ചു. താറാവുകള്‍ ചത്തതിന്റെ കാരണം പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരിക്കുന്ന പരിശോധനാ ഫലം പുറത്ത് വന്നിരിക്കുകയാണ്. കൊറോണയ്ക്ക് ഒപ്പം സംസ്ഥാനത്ത് പക്ഷിപ്പനിയുടെ വെല്ലുവിളിയും നേരിടേണ്ടി വരുമെന്ന ഭീതിക്കിടയിലാണ് ഈ വിവരം താത്കാലിക ആശ്വാസത്തിന് വഴി തെളിച്ചത്. ബാക്ടീരിയയും ചൂടുമാണ് പക്ഷികള്‍ കൂട്ടത്തോടെ ചാവാന്‍ കാരണമെന്നാണ് പരിശോധനയില്‍ വ്യക്തമായി.

തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിരീക്ഷണ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മരണ കാരണം വ്യക്തമായത്. അപ്പര്‍ക്കുട്ടനാട്ടിലെ താറാവുകളുടെ മരണം റൈമറല്ലാ ബാക്ടീരിയ മൂലമെന്ന് പരിശോധനയില്‍ തെളിഞ്ഞു. പാലക്കാട് തോലന്നൂരിലാണ് താറാവ് കുഞ്ഞുങ്ങളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച താറാവ് കുഞ്ഞുങ്ങളാണ് ചത്തത്. തോലന്നൂരില്‍ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീറ്റയ്ക്കായി തുറന്ന് വിട്ട അറുപതോളം താറാവ് കുഞ്ഞുങ്ങളാണ് ചത്തത്.

Top