വാഹനമോടിക്കുന്നതിനിടെയുള്ള നിയമലംഘനത്തിന് വീണ്ടും പിഴ ഇളവ്

വാഹനമോടിക്കുന്നതിനിടെ നിയമം ലംഘിച്ചതിന് അടക്കേണ്ട പിഴയില്‍ ദുബൈയില്‍ വീണ്ടും ഇളവ് അനുവദിച്ചു. പിഴ വിധിച്ചശേഷം പിന്നീട് ഒരുവിധ റോഡ് നിയമലംഘനവും നടത്താത്തവരാണെങ്കില്‍ തുകയുടെ നാലിലൊരു ഭാഗം അടച്ചാല്‍ മതിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഗതാഗത നിയമലംഘനം ആവര്‍ത്തിക്കാത്തവരുടെ ഫൈനിലാണ് ഗണ്യമായ ഇളവ് അനുവദിക്കുന്നത്. ഫെബ്രുവരി മുതല്‍ മൂന്നു മാസത്തേക്ക് 25 ശതമാനം ഇളവ് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം. തുടര്‍ന്നുള്ള ആറു മാസത്തേക്ക് ഒരു നിയമലംഘനവും വരുത്താത്തവര്‍ക്ക് 50 ശതമാനം ഇളവായിരുന്നു നല്‍കിയിരുന്നത്.

ഒമ്പത് മാസത്തേക്ക് നിയമലംഘനം നടത്താത്തവര്‍ക്ക് 75 ശതമാനം ഇളവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുഴുവനായി നിയമലംഘനത്തിലൊന്നും പെടാതെ വാഹമോടിക്കുന്നവര്‍ക്ക് നൂറു ശതമാനവും ഇളവ് നേടാമെന്നും പദ്ധതിയില്‍ വ്യക്തമാക്കുന്നു.

അതേസമയം റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഡ്രൈവര്‍മാരുടെ സാമ്പത്തിക പിരിമുറക്കത്തിന് അയവ് വരുത്തുന്നതിനുമായാണ് ഇത്തരം പദ്ധതികളെന്ന് ദുബൈ പൊലീസ് വിശദീകരിച്ചു.

Top