എക്‌സ്‌പോയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു; മൂന്ന് ദിവസത്തിനിടെ ഏതാണ്ട് രണ്ട് ലക്ഷം പേരെത്തി

ദുബൈ: എക്‌സ്‌പോയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു. വൈകാതെ പത്തുലക്ഷം പേരിലേക്ക് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നബിദിന അവധിയും പൊതുഅവധി ദിനങ്ങളും തുടര്‍ച്ചയായി എത്തിയതോടെ സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതോടെയാണ് അതിവേഗം പത്തു ലക്ഷത്തിലേക്ക് എത്തുന്നത്. ഒക്‌ടോബര്‍ ഒന്നിന് തുടങ്ങിയ മേള കാണാന്‍ 17 വരെ 7.71 ലക്ഷം പേരാണ് എത്തിയത്.

എന്നാല്‍, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് ലക്ഷത്തിനടുത്ത് സന്ദര്‍ശകര്‍ എക്‌സ്‌പോ നഗരിയില്‍ എത്തി. സമി യൂസുഫിന്റെയും എ.ആര്‍. റഹ്മാന്റെയും സംഗീത പരിപാടികള്‍ കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. തിങ്കളാഴ്ചകളിലാണ് സന്ദര്‍ശകരുടെ എണ്ണം പ്രഖ്യാപിക്കുന്നത്.

ഇന്ന് എണ്ണം പ്രഖ്യാപിക്കുമ്പോള്‍ പത്തുലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറയുന്നു. ടിക്കറ്റെടുത്തവരെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍, പങ്കെടുക്കുന്നവര്‍, അതിഥികള്‍, ജീവനക്കാര്‍ എന്നിവരിതിലില്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പവിലിയനുകള്‍ക്ക് മുന്നില്‍ നീണ്ടനിര ദൃശ്യമായിരുന്നു.

 

Top