ദുബായിലെ വിനോദ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

ദുബായ്: ദുബായിലെ എല്ലാ വിനോദ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം. അതോടൊപ്പം വിവാഹ ആഘോഷങ്ങളും നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൊറോണ വൈറസ് പടരുന്നതിനെതിരെ സ്വീകരിച്ചുവരുന്ന മുന്‍കരുതലിന്റെ ഭാഗമായാണ് ദുബായ് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് വകുപ്പ് നിര്‍ദേശം നല്‍കിയത്. ദുബായ് മീഡിയാ ഓഫീസ് ആണ് ട്വീറ്റ് ചെയ്ത്. മാര്‍ച്ച് 15 മുതല്‍ ഈ മാസം അവസാനം വരെ ഇത്തരത്തിലുള്ള എല്ലാ പരിപാടികളും താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്നും അറിയിച്ചു.

അതോടൊപ്പം വിവാഹ ചടങ്ങുകള്‍ക്ക് ആളുകള്‍ ഒരുമിച്ച് കൂടാന്‍ അനുവദിക്കരുതെന്ന് ഹാളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനായി പരിശോധനകള്‍ നടത്തുമെന്നും അറിയിച്ചു.

Top