കശ്മീര്‍ വികസനത്തിന് കൈകോര്‍ത്ത് ദുബായ്; ഇന്ത്യയുമായി നിക്ഷേപ കരാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നിര്‍മാണങ്ങള്‍ക്ക് ദുബായ് ഭരണകൂടവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ധാരണ. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. കരാര്‍ തുക വെളിപ്പെടുത്തിയിട്ടില്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുകയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് ഒരു വിദേശ ഭരണകൂടം കശ്മീരില്‍ നിക്ഷേപ കരാറിലേര്‍പ്പെടുന്നത്.

വ്യവസായ പാര്‍ക്കുകള്‍, ഐടി ടവറുകള്‍, ലോജിസ്റ്റിക് സെന്റുകള്‍, മെഡിക്കല്‍ കോളേജ്, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയ സൗകര്യങ്ങള്‍ കരാറിന്റെ ഭാഗമാണെന്ന് കേന്ദ്രം അറിയിച്ചു.

വികസന മുന്നേറ്റത്തിലൂടെ സഞ്ചരിക്കുന്ന ജമ്മുകശ്മീരിന്റെ വേഗത ലോകം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ദുബായില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ ജമ്മുകശ്മീരില്‍ നിക്ഷേപത്തിന് അതീവ താത്പര്യം പ്രകടിപ്പിച്ചതായും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

Top