ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍ ആരംഭിക്കും

ദുബായ്: സംഗീതവിരുന്നുമായി ആഘോഷ കാഴ്ചകളുമായി 27-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍ ആരംഭിക്കും. ജനുവരി 29 വരെ ഒന്നരമാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ലോക പ്രശസ്ത സംഗീതജ്ഞര്‍ അണിനിരക്കുന്ന സംഗീതവിരുന്ന്, ലൈറ്റ് ഷോകള്‍, ഫയര്‍വര്‍ക്ക് ഷോകള്‍, ഡ്രോണ്‍ ഷോകള്‍, ആഗോള ബ്രാന്റുകളുടെ പ്രദര്‍ശനങ്ങള്‍, മെഗാ നറുക്കെടുപ്പുകള്‍, പ്രൊമോഷനുകള്‍ എന്നിവ നടക്കുമെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്‍.ഇ.) അറിയിച്ചു.

വിവിധ മാളുകളും റീട്ടെയില്‍ ബ്രാന്‍ഡുകളും തങ്ങളുടേതായ വിനോദപരിപാടികളും നറുക്കെടുപ്പുകളും മത്സരപരിപാടികളും സംഘടിപ്പിക്കും. പുതുവര്‍ഷത്തലേന്ന് പ്രത്യേക ആഘോഷങ്ങളും അരങ്ങേറും. കോവിഡിന് ശേഷം ദുബായ് നഗരം വരവേല്‍ക്കുന്ന മറ്റൊരു ആഘോഷമായിരിക്കും ഷോപ്പിങ് ഫെസ്റ്റിവല്‍. ഇത്തവണത്തെ ഫെസ്റ്റിവല്‍ ദുബായ് എക്‌സ്പോയ്ക്കും യു.എ.ഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കും ഇടയിലായതുകൊണ്ട് പ്രത്യേകതയുള്ളതാണെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ആയിരങ്ങള്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യത്തെത്തുമെന്ന് ഡി.എഫ്.ആര്‍.ഇ. സി.ഇ.ഒ. അഹ്‌മദ് അല്‍ ഖാജ അഭിപ്രായപ്പെട്ടു. നാടകങ്ങള്‍, സിനിമകള്‍, കമ്യൂണിറ്റി മാര്‍ക്കറ്റുകള്‍, സവിശേഷമായ പ്രദര്‍ശനങ്ങള്‍, പരമ്പരാഗത കലാപ്രകടനങ്ങള്‍, ഭക്ഷണമേള തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും ആനന്ദിപ്പിക്കുന്ന പരിപാടികളാണ് ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുള്ളതന്നും അദ്ദേഹം അറിയിച്ചു.

Top