അബുദബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ദുബായിലെ നിരവധി സ്‌കൂളുകള്‍ ഓണ്‍ലൈനായാണ് പ്രവര്‍ത്തിച്ചത്. രാജ്യത്തെ കാലാവസ്ഥ മോശമായതിനാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ക്ലാസുകള്‍ ഓണ്‍ലൈനായിട്ടായിരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കള്‍ക്ക് ഇ-മെയില്‍ അയക്കുകയായിരുന്നു. പ്രധാന റോഡുകളില്‍ ഉള്‍പ്പെടെ വെളളം നിറഞ്ഞത് മൂലം വിവിധ എമിറേറ്റുകളില്‍ വാഹന ഗതാഗതം തടസപ്പെട്ടു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മലയോര മേഖലയില്‍ ഉള്‍പ്പെടെ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും മഴയും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും വെളളക്കെട്ട് നിറഞ്ഞ റോഡിലൂടെ വാഹനം ഓടിക്കരുതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ആരംഭിച്ച മഴ ഇന്ന് രാവിലെയോടെ ശക്തമാവുകയായിരുന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിറഞ്ഞു. പ്രധാന റോഡുകള്‍ വെളളത്തിനടിയിലായതോടെ വാഹന ഗതാഗതവും തടസപ്പെട്ടു. വിവിധ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെളളക്കെട്ടില്‍ അകപ്പെട്ടു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ദുബായ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് സ്ഥലത്ത് കാറുകള്‍ ഭാഗികമായി മുങ്ങിയതായുളള ദൃശ്യങ്ങള്‍ നിരവധി ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. യുഎഇയിലെ പല കമ്പനികളും ജീവനക്കാര്‍ക്ക് ഇന്ന് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ ജോലി ക്രമീകരിക്കാന്‍ സ്വകാര്യ കമ്പനികളോട് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം ഇന്നലെ നിര്‍ദേശിച്ചിരുന്നു.