ക്ഷീണമോ മയക്കമോ അനുഭവപ്പെട്ടാല്‍ വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ദുബായ് ആര്‍ടിഎ

ദുബായ്: ക്ഷീണമോ മയക്കമോ അനുഭവപ്പെട്ടാല്‍ വാഹനം ഓടിക്കരുതെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. റമദാന്‍ മാസത്തില്‍ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഭക്ഷണ, ഉറക്ക ശീലങ്ങളിലെ മാറ്റം കാരണം വാഹന യാത്രക്കാരുടെ ശ്രദ്ധ കുറയാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രതപുലര്‍ത്തണമെന്നുമാണ് ആര്‍ടിഎയുടെ നിര്‍ദേശം.റമദാന്‍ മാസത്തിലെ വ്രതം എടുക്കുമ്പോള്‍ നേരിടുന്ന ശാരീരിക മാറ്റങ്ങള്‍ കാരണം ചില ഡ്രൈവര്‍മാരുടെ ഏകാഗ്രത കുറയാന്‍ കാരണമാകാറുണ്ട് ഇത് കണക്കിലെടുത്താണ് ഈ ആഹ്വാനം ചെയ്തതെന്ന് അതോറിറ്റി വ്യക്തമാക്കി. ദുബായ് വാര്‍ഷിക ട്രാഫിക് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റമദാനിലുടനീളം ഡ്രൈവിംഗില്‍ ആര്‍ടിഎ ഒരു ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

റമദാനിലെ കാമ്പെയ്നിന്റെ സന്ദേശങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഡ്രൈവര്‍മാര്‍ എപ്പോഴും ഏകാഗ്രത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നതിനാണ്. പ്രത്യേകിച്ചും റമദാനില്‍, നോമ്പുകാരനെ ബാധിക്കുന്ന ഉറക്കത്തിലും ജോലി ദിനചര്യകളിലും വന്ന മാറ്റം കാരണം റമദാനില്‍ വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത ആവശ്യമാണ്. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാനും മറ്റുള്ളവരുടെ ഡ്രൈവിംഗ് പിശകുകള്‍ സുരക്ഷിതമായി ഒഴിവാക്കാനും ജാഗ്രത പാലിക്കാനും വാഹനമോടിക്കുന്നവരോട് ആര്‍ടിഎ നിര്‍ദേശിച്ചു.ദുബായില്‍ ചിതറിക്കിടക്കുന്ന ഇഫ്താര്‍ ടെന്റുകളുടെ പ്രവേശന കവാടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കുന്ന ബാനറുകള്‍ ആര്‍ടിഎ തയ്യാറാക്കിയിട്ടുണ്ട്. ദുബായ് ടാക്‌സി, പബ്ലിക് ബസ് ഡ്രൈവര്‍മാര്‍, ട്രക്ക് ഡ്രൈവര്‍മാര്‍, മറ്റ് റോഡ് ഉപയോക്താക്കള്‍ തുടങ്ങിയ ടാര്‍ഗെറ്റ് ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്യുന്ന ഇഫ്താര്‍ ഭക്ഷണത്തോടൊപ്പം ആയിരക്കണക്കിന് ബോധവല്‍ക്കരണ ലഘുലേഖകള്‍ അച്ചടിക്കുകയും ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്നും ആര്‍ടിഎ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയവുമായും ദുബായിലെ മറ്റ് ട്രാഫിക് സുരക്ഷാ പങ്കാളികളുമായും സഹകരിച്ച് റമദാന്‍ മാസത്തിനായുള്ള നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ടിഎ അംഗീകാരം നല്‍കി. പൊതുജനങ്ങളിലേക്ക് സുരക്ഷയും മാര്‍ഗനിര്‍ദേശ സന്ദേശങ്ങളും പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും ആര്‍ടിഎയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ട്രാഫിക് ബോധവല്‍ക്കരണ പങ്കാളികളും ഉള്‍പ്പെടെ വിവിധ ചാനലുകളിലൂടെ ഈ സന്ദേശങ്ങള്‍ പ്രചരിപ്പിക്കും.

Top