ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയത് 278 ദശലക്ഷം പേരെന്ന്

ദുബായ് : 2018ലെ ആദ്യ ആറ് മാസങ്ങളില്‍ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയത് 278 ദശലക്ഷം പേരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 275 ദശലക്ഷം പേരായിരുന്നു പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയത്.

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി പുറത്ത് വിട്ട കണക്കുകളാണിത്. നഗരത്തിലെ മെട്രോ,ട്രാം,ബസുകള്‍ തുടങ്ങി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണമാണ് പുറത്ത് വിട്ടത്. ദിനം പ്രതി ശരാശരി 1. 5 മില്യണ്‍ യാത്രികരാണ് ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നത് ദുബായ് മെട്രോയാണ്. 37.1 ശതമാനം ജനങ്ങളാണ് ദുബായ് മെട്രോ ഗതാഗതത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ടാക്‌സികളാണ്, 31.6 ശതമാനമാണ്. ബസുകള്‍ ഉപയോഗപ്പെടുത്തുന്നത് 27.4 ശതമാനം പേരുമാണ്.

ദുബായ് ട്രാം ഉപയോഗപ്പെടുത്തിയത് 3.2 മില്യണ്‍ യാത്രികരാണ്. ട്രാം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവ് വന്നിട്ടില്ല. പബ്ലിക് ബസുകളിലൂടെ യാത്ര ചെയ്തത് 76. 3 മില്യണ്‍ പേരാണ്. 2018 ആരംഭിച്ചപ്പോള്‍ മുതല്‍ ഇപ്പോള്‍ വരെ ദുബായ് ടാക്‌സി സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത് 87. 8 മില്യണ്‍ യാത്രകരാണ്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ആരോഗ്യകരമായ വളര്‍ച്ചയില്‍ താന്‍ സന്തുഷ്ടനാണെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മറ്റര്‍ അല്‍തായെര്‍ പറഞ്ഞു.

Top