ദുബായില്‍ സ്വന്തമായി വസ്തുവകകള്‍ ഉള്ള ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ കണക്കനുസരിച്ച് 7500 ഇന്ത്യക്കാര്‍ക്ക് ദുബായില്‍ സ്വന്തമായി വീടും മറ്റും ഉണ്ടെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ആദായ നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്റ് ക്രിമിനല്‍ ഇന്‍വിസ്റ്റിഗേഷന്‍ വിങ്ങാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദുബായിലെ വളരെ പ്രധാനപ്പെട്ട ബിസിനസ് സംരംഭങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇന്ത്യക്കാരാണെന്നും ഇവരുടെ സാമ്പത്തിക ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. നികുതി കൃത്യമായി അടച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായി പരിശോധിക്കുന്നത്.

2018 ആദ്യ മൂന്ന് മാസത്തില്‍ 1,387 ഇന്ത്യക്കാര്‍ 1550 റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലൂടെ 3 ബില്യണ്‍ ദര്‍ഹമാണ് ക്രയവിക്രയം ചെയ്തിരിക്കുന്നത്. 2017 ല്‍ മാത്രം 15.6 ബില്യണ്‍ ദര്‍ഹമാണ് ഈ മേഖലയില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചത്. 2013 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ 83.65 ബില്യണ്‍ ദര്‍ഹം വിലമതിക്കുന്ന വീടും സ്ഥലവുമടക്കമുള്ള കാര്യങ്ങളാണ് ഇന്ത്യക്കാര്‍ ദുബായില്‍ വാങ്ങിയത്.

വിദേശ രാജ്യത്ത് സ്ഥലം വാങ്ങുന്നത് ഇന്ത്യന്‍ നിയമത്തിന് എതിരല്ല. ഫോറിന്‍ എക്‌സചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999 പ്രകാരം വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കും തിരിച്ച് വിദേശികള്‍ക്ക് ഇവിടെയും വീടും സ്ഥലവുമടക്കമുള്ള കാര്യങ്ങള്‍ വാങ്ങാം. റിസര്‍വ്വ് ബാങ്ക് ചട്ടപ്രകാരം 250,000 ഡോളര്‍ ഒരു വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ക്ക് വിദേശത്ത് നിക്ഷേപിക്കാം. എന്നാല്‍ വിദേശ നിക്ഷപത്തിന്റെ കണക്കുകള്‍ കൃത്യമായി ഇന്ത്യന്‍ നികുതി വകുപ്പിനെ അറിയിക്കണം. ഇല്ലെങ്കില്‍ ബ്ലാക്ക് മണി ആക്ട് 2015 അനുസരിച്ച് പിഴ ഈടാക്കാവുന്നതാണ്. 30 ശതമാനമാണ് ഇത്തരത്തില്‍ അധിക നികുതി അടയ്‌ക്കേണ്ടി വരിക.

വിദേശ നിക്ഷേപങ്ങളുടെ നികുതി വെട്ടിപ്പ് നടന്നാല്‍ ആകെ നികുതിയുടെ 300 ശതമാനം വരെ പിഴയായ് ഈടാക്കാന്‍ വകുപ്പുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 29 ഇന്ത്യക്കാര്‍ക്കെതിരെയാണ് വിദേശ നിക്ഷപത്തിലെ നികുതി വെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടന്നിരുന്നത്.

ദുബായില്‍ ആകെയുള്ള 129,000 നിക്ഷേപകരില്‍ (181 രാജ്യങ്ങളില്‍ നിന്നുള്ള) 5,800 പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

Top