400 സ്മാര്‍ട്ട് പട്രോളിംഗ് വാഹനങ്ങളെ അണിയിച്ചൊരുക്കാനുള്ള നീക്കവുമായി ദുബായ് പൊലീസ്

ട്രോളിംഗ് കാര്യക്ഷമമാക്കാനായി 400 സ്മാര്‍ട്ട് പട്രോളിംഗ് വാഹനങ്ങളെ അണിയിച്ചൊരുക്കാനുള്ള നീക്കവുമായി ദുബായ് പൊലീസ്. 360 ഡിഗ്രി ക്യാമറയും ഫേഷ്യല്‍ റെക്കഗനിഷന്‍ സംവിധാനങ്ങളും വിശാലമായ കണ്‍ട്രോള്‍ പാനലും ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് ഗിയാത്തുകളെയാണ് ദുബായ് പൊലീസ് തങ്ങളുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാക്കുന്നത്. 196 മില്യണ്‍ ദിര്‍ഹത്തിന്റെ കരാര്‍ പ്രകാരം നിര്‍മിക്കപ്പെടുന്ന ഈ വാഹനങ്ങള്‍ ഉടന്‍ ദുബായിലെ നിരത്തുകളില്‍ പ്രത്യക്ഷപ്പെടുമെന്ന് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മര്‍റി പറഞ്ഞു.

അതിശയിപ്പിക്കുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് വാഹനങ്ങള്‍ നിരത്തിലിറങ്ങുക. 360 ഡിഗ്രി ക്യാമറ, എട്ട് ബാഹ്യ നിരീക്ഷണ ക്യാമറകള്‍, ഫേഷ്യല്‍, ലൈസന്‍സ് പ്ലേറ്റ് റെക്കഗിനിഷന്‍ സംവിധാനം എന്നിവയാണ് നിരീക്ഷണത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് കൂടാതെ വാഹനത്തിനുള്ളില്‍ 16 ഇഞ്ച് സെന്‍ട്രല്‍ സ്‌ക്രീന്‍, പ്രധാന കണ്‍ട്രോള്‍ സെന്ററുമായി ബന്ധിപ്പിച്ചിരിക്കുന്ന ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍, ഒരു വലിയ പാസഞ്ചര്‍ ഡിസ്‌പ്ലേ, ഡിസ്പാച്ചറുമായി ബന്ധിപ്പിച്ചിരിക്കുന്ന ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റ്, ഡ്രൈവര്‍ ബിഹേവിയര്‍ ക്യാമറ, ഇന്‍-കാബിന്‍ നിരീക്ഷണം എന്നിവയുമുണ്ട്. നിയമലംഘകര്‍ക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടല്‍ അസാധ്യമാകുന്ന വിധത്തില്‍ സര്‍വസന്നാഹങ്ങളും സജ്ജമാക്കിക്കൊണ്ടാണ് പൊലീസ് വാഹനങ്ങള്‍ ഇനി കുതിക്കാനിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും അഡ്വാന്‍സ്ഡ് ആയ നിരീക്ഷണ സംവിധാനങ്ങളാണ് ദുബായ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്. ഇത് ദുബായ് പൊലീസിന്റെ ചരിത്രത്തില്‍ മാത്രമല്ല മറിച്ച് ഓട്ടോമോട്ടീവ് വ്യവസായത്തിലെ തന്നെ നാഴികക്കല്ലായിരിക്കുമെന്ന് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു. ശക്തമായ നിരീക്ഷണത്തിന്റെ ആവേശമുണര്‍ത്തുന്ന ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നും ഖലീഫ അല്‍ മര്‍റി വ്യക്തമാക്കി.

 

Top