പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായ ദുബായ് പൊലീസിന്റെ വീഡിയോ വൈറല്‍

ദുബായ്: കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു പ്രളയം സമ്മാനിച്ചത്. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി നിരവധി വ്യക്തികളും സംഘടനകളുമാണ് മുന്നോട്ട് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേരളത്തിന് വേണ്ടി എത്തിയിരിക്കുന്നത് ദുബായ് പൊലീസാണ്. കേരളത്തെ സഹായിക്കണമെന്ന് മലയാളത്തില്‍ കൂടി ലോകത്തോട് പറയുന്ന വീഡിയോയുമായാണ് ദുബായ് പൊലീസ് എത്തിയിരിക്കുന്നത്.

കേരളത്തെ സഹായിക്കണമെന്ന് പറഞ്ഞ് ദുബായ് പൊലീസ് പുറത്ത് വിട്ട വീഡിയോയില്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് മലയാളി പൊലീസുകാരനായ അബ്ദുല്‍ അസീസാണ്. കോഴിക്കോട് കല്ലാച്ചി സ്വദേശിയാണ് അബ്ദുല്‍ അസീസ്. മൂന്ന് പതിറ്റാണ്ടിലേറെയായി ദുബായ് പൊലീസില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ അസീസാണ് മലയാളത്തില്‍ വീഡിയോയില്‍ കൂടി കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിക്കുന്നത്.

പ്രളയ സമയത്ത് കേരളത്തില്‍ ഉണ്ടായിരുന്ന അബ്ദുല്‍ അസീസ് ദുരിതാശ്വാസ ക്യാമ്പുകളിലെ നിറ സാന്നിധ്യമായിരുന്നു. ‘കേരളം ഞങ്ങുടെ ഹൃദയത്തിലുണ്ട്, കേരളജനതയുടെ ഇച്ഛാശക്തിയിലും നിശ്ചയദാര്‍ഢ്യത്തിലും ഞങ്ങള്‍ പൂര്‍ണമായി വിശ്വസിക്കുന്നു. ഇതിനെ ശക്തമായി നേരിടാന്‍ കേരളത്തിന് കഴിയുമെന്ന’ തലക്കെട്ടോടെയാണ് ദുബായ് പൊലീസ് വീഡിയോ പോസ്റ്റ് ചെയ്തത്.

Top