കാണാതായ കുട്ടിയെ 40 മിനിറ്റിനുള്ളിൽ കണ്ടെത്തി ദുബായ് പൊലീസ്

ദുബായ്: കാണാതായ കുട്ടിയെ 40 മിനിറ്റിനുള്ളിൽ സുരക്ഷിതമായി കണ്ടെത്തിക്കൊടുത്ത ദുബായ് പൊലീസ് നടപടി അഭിനന്ദനം പിടിച്ചുപറ്റി. കുടുംബം രാത്രി ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോൾ നാലു വയസ്സുകാരൻ കളിക്കുകയായിരുന്നു. പെട്ടന്ന് കുട്ടിയെ കാണാതാവുകയും മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.

ഉടൻ പൊലീസ് സംഘം വ്യാപക തിരച്ചിൽ ആരംഭിച്ചതായി ദുബായ് ടൂറിസ്റ്റ് പൊലീസ് ഡയറക്ടർ കേണൽ ഡോ.മുബാറക് ബിൻ നവാസ് അൽ കെത് ബി പറഞ്ഞു.കാണാതായ സ്ഥലത്തു നിന്നു മൂന്നു കിലോ മീറ്റർ അകലെ, ഉമമു സുഖീം രണ്ടിൽ നിന്നാണു കുട്ടിയെ കണ്ടെത്തിയത്.

ഭയന്നുവിറച്ച കുട്ടി കരയുകയായിരുന്നുവെന്ന് അൽ കെത് ബി വ്യക്തമാക്കി. കുട്ടികളെ ജാഗ്രതയോടെ പരിപാലിക്കണമെന്ന് അദ്ദേഹം രക്ഷിതാക്കളോടു നിർദേശിച്ചു.

Top