ഡിജിറ്റല്‍ കറന്‍സി ‘എം-ക്യാഷ്‌’ അവതരിപ്പിക്കാനൊരുങ്ങി ദുബായ്‌

ദുബായ്: എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ കറന്‍സിയായ എം-ക്യാഷ്‌ വികസിപ്പിച്ചെടുക്കാനും അത് വ്യവഹാരത്തില്‍ കൊണ്ടുവരാനുമുള്ള കരാറില്‍ ഒപ്പുവെച്ച് ദുബായ്.

ദുബായ് ഇക്കോണമിയുടെ സഹസ്ഥാപനമായ എംക്രെഡിറ്റും യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒബ്ജക്റ്റ് ടെക് ഗ്രൂപ്പ് ലിമിറ്റഡും ചേര്‍ന്നാണ് കറന്‍സി അവതരിപ്പിക്കുന്നത്.

ഇത് കൊണ്ടുവരുന്നതിലൂടെ ഗവണ്‍മെന്റ്, ഗവണ്‍മെന്റ് ഇതര സേവനങ്ങള്‍ക്ക് പണമടയ്ക്കാന്‍ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാനാവും.

ഏറ്റവും പുതിയ ബ്ലോക്‌ചെയിന്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ എംപേ വാലറ്റിലെ ഡിജിറ്റല്‍ കറന്‍സി എം-ക്യാഷ്‌ ആയിരിക്കും.

ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എംക്രെഡിറ്റാണ് എംപേ വാലറ്റ് കൊണ്ടുവന്നത്.

യുഎഇയിലെ താമസക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണിലുള്ള നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനിലൂടെ വിവിധ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് എംപേ ഒരുക്കുന്നത്.

ഡിജിറ്റല്‍ കറന്‍സിയെ സുരക്ഷിതമാക്കാനുള്ള സൗകര്യവും ഇടനിലക്കാരുടെ അടുത്ത് പോകാതെ തന്നെ ഇത്തരത്തിലുള്ള ഇടപാടുകള്‍ കച്ചവടക്കാര്‍ക്ക് തത്സമയം നടത്താനുള്ള സൗകര്യവും എം-ക്യാഷ്‌, എംപേ ഉപഭോക്താക്കള്‍ക്കുണ്ടാകും.

പണരഹിത ഇടപാടുകള്‍ക്ക് സാമ്പത്തിക വ്യക്തിത്വം നല്‍കാനും, മത്സരസ്വഭാവമുള്ള ബിസിനസ് ഡെസ്റ്റിനേഷന്‍ എന്ന ദുബായ്‌യുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താനും, ഉപഭോക്താക്കളുടെ സന്തോഷം വര്‍ധിപ്പിക്കാനും, സ്മാര്‍ട്ട് ഇക്കോണമിയിലേക്കുള്ള ദുബായ്‌യുടെ മാറ്റത്തെ വേഗത്തിലാക്കാനും എം-ക്യാഷ്‌ കൊണ്ടുവരുന്നതിലൂടെയാവുമെന്ന് ദുബായ് ഇകോണമിയുടെ ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ അലി ഇബ്രാഹിം പറഞ്ഞു.

ഡിജിറ്റല്‍ കറന്‍സിക്ക് നിരവധി പ്രയോജനങ്ങളുണ്ടെന്നും, പേയ്‌മെന്റുകളുടെ നടപടി വേഗത്തിലാക്കാനും ഡെലിവറി ടൈം മെച്ചപ്പെടുത്താനും ചെലവും സങ്കീര്‍ണതയും കുറക്കാനും ഇതിലൂടെയാവുമെന്നും, ഡിജിറ്റല്‍ കറന്‍സി ദുബായിലെ ജനജീവിതത്തിലും ബിസിനസ് ചെയ്യുന്നതിലും മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Top