മ്യൂസിയം ഓഫ് ഇല്യൂഷന്‍ സെപ്റ്റംബര്‍ 12 ന് ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കും.

ദുബായ് : മ്യൂസിയം ഓഫ് ഇല്യൂഷന്‍ സെപ്റ്റംബര്‍ 12 ന് ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കും. ദുബായ് ക്രീക്കിന് സമീപത്തായി എമിറേറ്റിലെ അല്‍ സീഫ് ഡെവലപ്പ്‌മെന്റ് സെന്ററിലാണ് പുതിയ മായിക കാഴ്ചകളുമായി മ്യൂസിയം തുറക്കുന്നത്. സന്ദര്‍ശകര്‍ക്കായി നവീന രീതിയിലുള്ള ദൃശ്യ, ബൗദ്ധിക പ്രദര്‍ശനങ്ങളാകും മ്യൂസിയത്തിലുണ്ടാകുന്നത്. ലോകത്തെയാകെ അമ്പരപ്പിച്ച 80ല്‍പ്പരം വിസ്മയങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

മൂന്നു വര്‍ഷം മുമ്പ് ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രേബിലായിരുന്നു ആദ്യമായി മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് തുടക്കമിട്ടത്. ഒമാന്‍, ഓസ്ട്രിയ, ജര്‍മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിലവില്‍ മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ആരംഭിച്ചിട്ടുണ്ട്. ഏതന്‍സ്, ന്യൂയോര്‍ക്ക്, ടൊറന്റോ, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ ഈ വര്‍ഷം പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാനും ധാരണയായിട്ടുണ്ട്.

എല്ലാ പ്രായക്കാര്‍ക്കും ആകര്‍ഷകമാകുന്ന രീതിയിലാണ് മ്യൂസിയത്തിലെ ഓരോ കാഴ്ചകളും അണിയിച്ചൊരുക്കിയിരിക്കുന്നതെന്നും, പരമ്പരാഗത ശൈലികളില്‍ നിന്നും വ്യത്യസ്തമായിരിക്കും മ്യൂസിയത്തിലെ പ്രദര്‍ശനങ്ങളെന്നും ദുബായ് മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് മാനേജര്‍ വര്വര ശ്വിസ്‌ചേവ പറഞ്ഞു.

സന്ദര്‍ശകര്‍ക്ക് ചിത്രങ്ങള്‍ എടുക്കുന്നതിനും മറ്റും ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മ്യൂസിയം. കമ്പനിയുടെ ഇതുവരെയുള്ള ബ്രാഞ്ചുകളില്‍ ഏറ്റവും വലിയ എഡിഷനാകും ദുബായില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകുന്നത്. അന്തര്‍ദേശീയ വിനോദ സഞ്ചാരികളെയും നഗരവാസികളെയും ലക്ഷ്യമിട്ടു തുടങ്ങുന്ന മ്യൂസിയം സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം നല്‍കുമെന്നും വര്വര വ്യക്തമാക്കി. സെപ്റ്റംബര്‍ പന്ത്രണ്ടിന് ഉച്ചയ്ക്ക് 2 മണിക്കാണ് മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. സന്ദര്‍ശക നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top