ഭക്ഷ്യസ്ഥാപനങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: ഭക്ഷ്യസ്ഥാപനങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനമായി ദുബായ് മുനിസിപ്പാലിറ്റി.

വായു സഞ്ചാരവും ഊഷ്മാവും ആരോഗ്യകരമായ നിലയില്‍ പാലിക്കപ്പെടുന്നതു സംബന്ധിച്ചാണ് മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍.

നിയമങ്ങള്‍ കര്‍ശനമാക്കാന്‍ 643 ഭക്ഷ്യ സ്ഥാപനങ്ങളില്‍ ക്യാമ്പെയിന്‍ നടത്തിയെന്ന് ഭക്ഷ്യപരിശോധന വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ താഹിര്‍ അറിയിച്ചു.

സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാനും, തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുമാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

എമിറേറ്റില്‍ 17,000 ഭക്ഷ്യസ്ഥാപനങ്ങളാണു പ്രവര്‍ത്തിക്കുന്നത്. അടുക്കളയിലെയും തൊഴില്‍ മേഖലയിലെയും താപനില 25-26 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കണമെന്നാണു ഭക്ഷ്യസ്ഥാപനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിബന്ധന.

141 സ്ഥാപനങ്ങള്‍ സുഗമ വായു സഞ്ചാരവും നിര്‍ദ്ദിഷ്ട താപനിലയും ഉറപ്പാക്കിയെന്ന് അധികൃതര്‍ പറഞ്ഞു.

മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍, കടുത്ത ചൂടില്‍ ജോലിക്കാര്‍ ക്ഷീണിതരായിരിക്കുന്നതു മനസിലാക്കി ചില സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് പിഴ വിധിച്ചു.

തൊഴിലാളികളുടെ വിഷമതകള്‍ പരിഹരിക്കാനും ആരോഗ്യകരമായ ചുറ്റുപാടില്‍ ഭക്ഷണം പാചകം ചെയ്യാനുമായി ക്യാമ്പെയിന്‍ കൂടുതല്‍ വ്യാപിപ്പിക്കാനും നടപടികള്‍ സ്വീകരിച്ചെന്ന് അല്‍ താഹിര്‍ പറഞ്ഞു.

Top