ദുബായ് മനുഷ്യക്കടത്ത്; ആദ്യ മൂന്നു പ്രതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് സിബിഐ കോടതി

court-order

കൊച്ചി: ദുബായ് മനുഷ്യക്കടത്ത് കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം തടവും, നാല് പേര്‍ക്ക് ഏഴ് വര്‍ഷം തടവും വിധിച്ചു. എറണാകുളം സിബിഐ കോടതിയുടേതാണ് വിധി. കേസിന്റെ വിചാരണ സി.ബി.ഐ. കോടതിയില്‍ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. വ്യാജ യാത്രാരേഖകള്‍ ചമച്ച് മലയാളി യുവതികളടക്കമുള്ളവരെ പെണ്‍വാണിഭത്തിനായി വിദേശത്തേക്കു കടത്തിയെന്നായിരുന്നു കേസ്.

കെ.വി. സുരേഷ്, ലിസി സോജന്‍, സേതുലാല്‍ എന്നിവര്‍ക്ക് 10 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. അനില്‍കുമാര്‍, ബിന്ദു, ശാന്ത, എ.പി. മനീഷ് എന്നിവര്‍ക്ക് ഏഴു വര്‍ഷം തടവും, മനീഷൊഴികെ മറ്റുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്ന്. മനീഷിന് 50000 രൂപയാണ് പിഴ. ആറു പേരെ കോടതി വെറുതെ വിട്ടു.

പെണ്‍വാണിഭസംഘത്തിന്റെ പക്കല്‍ നിന്ന് രക്ഷപ്പെട്ട കഴക്കൂട്ടം സ്വദേശിനിയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. മനുഷ്യക്കടത്ത് റാക്കറ്റ് ഷാര്‍ജയിലേക്ക് കടത്തിയ യുവതി പെണ്‍വാണിഭസംഘത്തിന്റെ തടവില്‍ നിന്ന് രക്ഷപ്പെട്ട് മുംബൈയിലെത്തുകയായിരുന്നു.

കാര്യമായ വിദ്യാഭ്യാസമില്ലാത്ത യുവതികള്‍ക്ക് വിദേശത്ത് വീട്ടുജോലിക്ക് മികച്ച വേതനം വാഗ്ദാനം ചെയ്താണ് പ്രതികള്‍ വിദേശത്തേക്ക് കടത്തിയിരുന്നത്. ഗള്‍ഫിലെത്തിച്ച സ്ത്രീകളെ അവിടെ പൊലീസിന്റെ പിടിയിലാവുമെന്നു ഭീഷണിപ്പെടുത്തി സുരേഷ് വീട്ടുതടങ്കലിലാക്കുകയായിരുന്നു പതിവ്.

പിന്നീട് ഈ സ്ത്രീകളെ പെണ്‍വാണിഭസംഘങ്ങള്‍ക്കു കൈമാറുന്നതായിരുന്നു സുരേഷിന്റെ രീതി. എമിഗ്രേഷന്‍ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും സംഭവത്തില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയതോടെ കേസിനു കൂടുതല്‍ പ്രാധാന്യം ലഭിച്ചു.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആദ്യ രണ്ടു കേസുകളിലാണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. വിചാരണ പൂര്‍ത്തിയായ മറ്റു രണ്ടു കേസുകളില്‍ ഇനി വിധി പറയാനുണ്ട്.

Top