അമേരിക്ക മാത്രമല്ല സഖ്യ രാജ്യങ്ങളും സൂക്ഷിക്കൂ; ദുബായിയും ലിസ്റ്റിലുണ്ടെന്ന് ഇറാന്‍

ദുബായ്: വീണ്ടും അമേരിക്കക്ക് ഭീഷണിയുമായി ഇറാന്‍ രംഗത്ത്. ഇറാഖിലെ ഇര്‍ബിലിലും അല്‍ അസദിലും നടത്തിയ മിസൈലാക്രമണത്തിന് പ്രതികാരമായി യുഎസ് തങ്ങളെ ആക്രമിച്ചാല്‍ ദുബായിയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അമേരിക്കക്കു പുറമെ അമേരിക്കയുമായി സഖ്യമുള്ള രാജ്യങ്ങളേയും തങ്ങള്‍ ലക്ഷ്യം വക്കുന്നുണ്ടെന്നാണ് ഇറാന്റെ താക്കീത്. തീവ്രവാദിക്കൂട്ടമായ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ തങ്ങളുടെ മണ്ണ് വിട്ടു കൊടുക്കുന്ന അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ സൂക്ഷിക്കുക. ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണില്‍ നിന്നുമുണ്ടായാല്‍ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കില്‍ യുഎഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയിലും ഞങ്ങള്‍ ബോംബിടും – ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പില്‍ പറയുന്നു.

ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്ന വിവരം പെന്റഗണ്‍ സ്ഥിരീകരിച്ച ശേഷം അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ തിരക്കിട്ട യോഗങ്ങളും ചര്‍ച്ചകളും നടന്നിരുന്നു . അതേസമയം തങ്ങള്‍ക്ക് ശക്തരായ സൈനികര്‍ ഉണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല യുദ്ധ വിമാനങ്ങള്‍ ഇറക്കി ഇറാന് ഭീഷണിയും അമേരിക്ക നല്‍കി.

Top