ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു

ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു; പുതുതായി നിര്‍മ്മിച്ച രണ്ട് മേല്‍പാലങ്ങള്‍ ഉടന്‍ തുറക്കും. പണി പൂര്‍ത്തിയായ മേല്‍പ്പാലങ്ങള്‍ക്ക്‌ ജൂലൈ 14 ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ് പോര്‍ട്ട്‌ അതോറിറ്റി (ആര്‍. ടി.എ) അറിയിച്ചു. ഡി.ഐ.സിയില്‍ നിന്ന് അല്‍ അവീര്‍ റോഡില്‍ ഹത്ത ഭാഗത്തേക്കും ഡി.ഐ.സിയില്‍ നിന്ന് ദുബൈ ഡൗണ്‍ ടൗണിലേക്കുമാണ് മേല്‍പാലങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റി നിവാസികളുടെ യാത്രാ ക്ലേശം മേല്‍പാലങ്ങള്‍ വരുന്നതോടെ കുറയുമെന്നാണ് വിലയിരുത്തല്‍. മണിക്കൂറില്‍ 1000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും വിധമാണ് ഡി.ഐ.സിയില്‍ നിന്ന് ഡൗണ്ടൗണിലേക്കുള്ള പാലം നിര്‍മിച്ചിരിക്കുന്നത്. ഡ്രാഗണ്‍ മാര്‍ട്ടിന്റെ വിപുലീകരണത്തോടെ ഈ പാലങ്ങളുടെ പ്രാധാന്യം വര്‍ധിക്കുമെന്നും ആര്‍ടി.എ. ഡയറക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.

അല്‍ അവീര്‍ റോഡിലെയും ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിലെയും റൗണ്ടെബൗട്ടിലെയും വാഹനത്തിരക്ക് കുറക്കാനും ഇത് സഹായിക്കും. ഹത്തയില്‍ നിന്ന് വരുന്നവര്‍ക്ക് അല്‍ അവീര്‍ റോഡ് വഴി എളുപ്പത്തില്‍ ഡ്രാഗണ്‍ മാര്‍ട്ടിലേക്കും ഇന്റര്‍നാഷണല്‍ സിറ്റിയിലേക്കും വരാനും സഹായകരമാണ്. പാലങ്ങളുടെ അവസാന മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. വാര്‍സന്‍ റോഡില്‍ സ്ഥാപിച്ച ഇരട്ടവരി മേല്‍പാലവും പദ്ധതിയുടെ ഭാഗമാണ്. ഡി.ഐ.സിയുടെ നിര്‍മാതാക്കളായ നഖീലുമായി ചേര്‍ന്നാണ് പാലങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

Top