ദുബായില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ ജയിലില്‍

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ ജയിലിലായി. ദുബായിലെ ഒരു കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി ചെയ്യുന്നയാളാണ് രണ്ട് റെസിഡന്‍സ് വിസകള്‍ക്കായി 100 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്തത്.

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വിസ ആവശ്യങ്ങള്‍ക്ക് വേണ്ടി 39 വയസുകാരനായ പിആര്‍ഒ സ്ഥിരമായി ഉദ്ദ്യോഗസ്ഥനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഒരു ദിവസം മറ്റ് സംശയങ്ങള്‍ ചോദിക്കാനെന്ന പേരില്‍ ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ ഉദ്യോഗസ്ഥനെ വിളിച്ച് ഓരോ ഇടപാടിനും താന്‍ 50 ദിര്‍ഹം വീതം നല്‍കാമെന്ന് പറയുകയായിരുന്നു. കാലതാമസമോ മറ്റ് പരിശോധനകളോ നടത്താതെ റെഡിസന്‍സി സീല്‍ പതിച്ച് നല്‍കണമെന്നായിരുന്നു ആവശ്യം.

ഉദ്യോഗസ്ഥന്‍ ഇത് തന്റെ തൊഴില്‍ മേധാവിയെ അറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം, കൈക്കൂലി വാങ്ങാമെന്ന് ഇന്ത്യക്കാരനെ അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പൊലീസിനെയും അറിയിച്ചു. ഓഫീസിലെത്തി പണം നല്‍കുന്നതിനിടെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

സേവനം വേഗം ലഭ്യമാക്കാന്‍ താന്‍ അധികം പണം അടച്ചതാണെന്നും കൈക്കൂലി അല്ലെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മൂന്ന് മാസം തടവ് ശിക്ഷയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായാല്‍ നാടുകടത്തും. വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്.

Top