ദുബൈയുടെ ടൂറിസ്റ്റ് സീസന്റെ വരവറിയിച്ച് ഗ്ലോബല്‍ വില്ലേജ് തുറന്നു

ദുബൈ: ദുബൈയുടെ ടൂറിസ്റ്റ് സീസന്റെ വരവറിയിച്ച് ഗ്ലോബല്‍ വില്ലേജ് തുറന്നു. ഏപ്രില്‍ പത്തു വരെയാണ് 26ാം സീസണ്‍. എക്‌സ്‌പോ 2020 നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിച്ചാണ് ആഗോള ഗ്രാമത്തിന്റെ വാതിലുകള്‍ തുറന്നത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 15 ദിര്‍ഹമാണ് നിരക്ക്. നേരിട്ടെത്തി ടിക്കറ്റെടുത്താല്‍ 20 ദിര്‍ഹം.

വില്ലേജ് തുറന്നതോടെ ഇവിടേക്കുള്ള ബസ് സര്‍വിസും പുനരാരംഭിച്ചു. ഇതിന് പുറമെ ഗ്ലോബല്‍ വില്ലേജിനെയും എക്‌സ്‌പോയെയും ബന്ധിപ്പിക്കുന്ന സര്‍വിസുമുണ്ടാകും. ഗ്ലോബല്‍ വില്ലേജിലേക്ക് നേരിട്ട് നാല് സര്‍വിസുകളാണുള്ളത്. റാശിദീയയില്‍ നിന്ന് 60 മിനിറ്റ് ഇടവേളയില്‍ റൂട്ട് 102, യൂനിയന്‍ സ്‌ക്വയറില്‍ നിന്ന് 40 മിനിറ്റ് ഇടവേളയില്‍ 103, അല്‍ ഗുബൈബ സ്‌റ്റേഷനില്‍ നിന്ന് 60 മിനിറ്റില്‍ റൂട്ട് 104, മാള്‍ ഓഫ് എമിറേറ്റ്‌സില്‍ നിന്ന് 60 മിനിറ്റില്‍ റൂട്ട് 106 എന്നിവയാണ് പ്രധാന സര്‍വിസുകള്‍. പത്ത് ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഡീലക്‌സ് കോച്ചുകളും സാധാരണ ബസുകളും ഈ റൂട്ടില്‍ സര്‍വിസ് നടത്തും.

ദിവസവും വൈകുന്നേരം നാല് മുതല്‍ രാത്രി 12 വരെയാണ് ഗ്ലോബല്‍ വില്ലേജ് തുറന്നിരിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒരു മണി വരെയായിരിക്കും പ്രവര്‍ത്തനം. തിങ്കളാഴ്ചകളില്‍ കുടുംബങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം. എന്നാല്‍, പൊതു അവധികള്‍ വരുന്ന തിങ്കളാഴ്ചകളില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടാകും. ഈ സമയങ്ങളിലെല്ലാം ബസ് സര്‍വിസ് ഉണ്ടാകും.

 

Top