വിനോദവും വിപണിയും സമന്വയിപ്പിച്ച് ദുബായിൽ ഗ്ലോബൽ വില്ലേജ് ഇന്ന് തുറക്കുന്നു

ദുബൈ: എക്‌സ്‌പോ 2020, ഐന്‍ ദുബൈ എന്നിവക്ക് പുറമെ ദുബൈയുടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വ് പകരാന്‍ ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കുന്നു. ഇനിയുള്ള ആറു മാസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് എക്‌സ്‌പോക്കൊപ്പം ഗ്ലോബല്‍ വില്ലേജും ആസ്വദിക്കാം. സജീവമായ ദുബൈയുടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ അവസരങ്ങളൊരുക്കിയാണ് ഗ്ലോബല്‍ വില്ലേജിന്റെ വാതിലുകള്‍ തുറക്കുന്നത്. കഴിഞ്ഞ മാസം ദുബൈ സഫാരി പാര്‍ക്കും തുറന്നിരുന്നു.

കൊടുംചൂടില്‍നിന്ന് തണുപ്പിലേക്ക് മാറുന്ന ഒക്‌ടോബറിലാണ് യു.എ.ഇയിലെ വിനോദസഞ്ചാരമേഖല ഉണരുന്നത്. എന്നാല്‍, കോവിഡില്‍ കഴിഞ്ഞവര്‍ഷം എക്‌സ്‌പോ അടക്കം മാറ്റിവെക്കുകയും പല പരിപാടികളും ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ വര്‍ഷം വിനോദ സഞ്ചാരമേഖല പൂര്‍ണമായി തുറക്കുകയായിരുന്നു.

വിനോദ സഞ്ചാരികള്‍ക്ക് മാത്രമല്ല, ദുബൈയുടെ വിപണിയിലും വന്‍ ഉണര്‍വുണ്ടാക്കുന്നതാണ് ഗ്ലോബല്‍ വില്ലേജ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചെറുകിട കച്ചവടക്കാര്‍ സ്വന്തം ഉല്‍പന്നങ്ങളുമായി എത്തുന്ന മേളയാണിത്. ടിക്കറ്റ് നിരക്ക് കുറവാണ്. 15 ദിര്‍ഹം തന്നെയാണ് ഇക്കുറിയും പ്രവേശന നിരക്ക്. എന്നാല്‍, ഗ്ലോബല്‍ വില്ലേജിലെ ഗേറ്റില്‍ നേരിട്ടെത്തി ടിക്കറ്റെടുത്താല്‍ 20 ദിര്‍ഹം നല്‍കണം.വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ദിവസവും വൈകുന്നേരം നാല് മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തനം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒരു മണി വരെയാണ്. തിങ്കളാഴ്ചകളില്‍ കുടുംബങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം. എന്നാല്‍, പൊതു അവധികള്‍ വരുന്ന തിങ്കളാഴ്ചകളില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടാകും.

ആറ് മാസത്തെ ഇടവേളക്ക് ശേഷം ഗ്ലോബല്‍ വില്ലേജ് തുറക്കുമ്പോള്‍ പുതുമകളും കാത്തിരിക്കുന്നുണ്ട്. സംഗീത പരിപാടികള്‍ നടത്താന്‍ വലിയ സ്‌റ്റേജുകള്‍ ഇക്കുറിയുണ്ട്. പുതിയ ഇറാഖി പവിലിയനും ഈ സീസണിന്റെ പ്രത്യേകതയാണ്. സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ കൂടുതല്‍ സീറ്റിങ് ഏരിയകള്‍ തയാറായി. ഫോട്ടോ എടുക്കുന്നവര്‍ക്കായി ഇന്‍സ്റ്റലേഷനുകളുണ്ട്. പീറ്റര്‍ റാബിറ്റ് അഡ്വഞ്ചര്‍ സോണ്‍, ഫയര്‍ ഫൗണ്ടെയ്ന്‍ ഷോ, വാട്ടര്‍ സ്റ്റണ്ട് ഷോ എന്നിവയും ഈ സീസണിലെത്തും. അടുത്ത വര്‍ഷം ഏപ്രില്‍ പത്ത് വരെയാണ് വില്ലേജിന്റെ പ്രവര്‍ത്തനം. ലോകത്തിലെ ഏറ്റവും വലിയ ഫെറിവീലായ ഐന്‍ ദുബൈയും കഴിഞ്ഞ ദിവസം തുറന്നിരുന്നു.

Top