ഗ്ലോബല്‍ പവര്‍ സിറ്റി സൂചികയില്‍ ദുബൈക്ക് മുന്നേറ്റം; ലണ്ടൻ ഒന്നാം സ്ഥാനത്ത്

ദുബൈ: ഗ്ലോബല്‍ പവര്‍ സിറ്റി സൂചികയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ അഞ്ചാം സ്ഥാനവും ദുബൈക്ക്. ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബന്‍ സ്ട്രാറ്റജീസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. നഗരങ്ങളുടെ നേതൃത്വം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാംസ്‌കാരിക സൗകര്യങ്ങളുടെ എണ്ണം, സന്ദര്‍ശകരുടെ സൗകര്യങ്ങളുടെയും ആശയവിനിമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലോക നഗരങ്ങളുടെ പ്രകടനം അളന്നത്. നേട്ടം ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെയും ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സന്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെയും കാഴ്ചപ്പാടിന് അനുസരിച്ച പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിന് പിന്നിലെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

ആഗോളതലത്തില്‍ ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്, ടോക്യോ എന്നിവയാണ് സാംസ്‌കാരിക ഇടപെടലിന്റെ മാനദണ്ഡത്തില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഇടം നേടിയത്. 70 സൂചികകള്‍ അടിസ്ഥാനമാക്കിയുള്ള സമഗ്ര ആഗോള റാങ്കിങ്ങില്‍ 14ാ മതാണ് ദുബൈ. നേരത്തെ 17ാം സ്ഥാനമായിരുന്നു.

 

 

Top