ദുബായ് എക്സ്പോ; ഹൈഡ്രജന്‍ കാര്‍ അവതരിപ്പിച്ച് സ്ലൊവാക്യ

ദുബായ്: സുസ്ഥിര വികസനപാതയില്‍ നവീന മാതൃകയിലുള്ള ഹൈഡ്രജന്‍ കാര്‍ അവതരിപ്പിച്ച് എക്‌സ്‌പോയിലെ സ്ലൊവാക്യന്‍ പവിലിയന്‍. കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് ഒഴിവാക്കിക്കൊണ്ട് പ്രകൃതിസൗഹാര്‍ദ ഹൈഡ്രജന്‍ സാങ്കേതികതയിലാണ് ഈ വാഹനം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ വിപണിയിലുള്ള സൂപ്പര്‍കാറുകളെ വെല്ലും വിധത്തിലുള്ള രൂപഭംഗിയാണ് ഇതിന്.

എക്‌സ്‌പോയിലെത്തുന്ന വാഹനപ്രേമികള്‍ക്ക് മറക്കാനാകാത്ത വിരുന്നാണ് ഇത് നല്‍കുന്നത്. ‘എം.എച്ച് – 2’ എന്ന ഹൈഡ്രജന്‍ കാര്‍ രൂപകല്‍പന ചെയ്തത് സ്ലൊവാക്യന്‍ ഡിസൈനറായ ബ്രാനിസ്ലാവ് മൗക്‌സാണ്. 2007 മുതല്‍ ഫെറാരി കാറുകളുടെ മാതൃകയുടെ രൂപകല്‍പന നിര്‍വഹിക്കുന്നതും ബ്രാനിസ്ലാവാണ്. സുസ്ഥിര യാത്രസംസ്‌കാരം ലോകത്തിന് സമര്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാഹനം പ്രദര്‍ശിപ്പിക്കുന്നത്.

യു.എ.ഇ. അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയും എക്‌സ്‌പോ ഡയറക്ടര്‍ ജനറലുമായ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, റിപ്പബ്ലിക് ഓഫ് സ്ലോവാക്യ പ്രധാനമന്ത്രി എഡ്വേഡ് ഹെഗെര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വാഹന പ്രദര്‍ശനത്തിന് തുടക്കം കുറിച്ചത്.

ഹൈഡ്രജന്‍ സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന വാഹനമായതിനാല്‍ ജലകണത്തിന്റെ കാഴ്ചയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള മാതൃകയും നിറവുമാണ് വാഹനത്തില്‍ പരീക്ഷിച്ചിരിക്കുന്നതെന്ന് ഡിസൈനര്‍ പറഞ്ഞു. ഓട്ടത്തിന് തയ്യാറെടുത്തുനില്‍കുന്ന അത്ലറ്റിന്റെ ഭാവമാണ് ഈ വാഹനത്തിന്. മാറ്റഡോര്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.

 

Top