ദുബായ് എമിറേറ്റിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ വാടക വര്‍ധിപ്പിക്കില്ലെന്ന്

ദുബായ്: 2019 മുതല്‍ ദുബായ് എമിറേറ്റിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ വാടക വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ വിലക്കി. വര്‍ധിത ചെലവുകള്‍ കാരണം വിദ്യാലയങ്ങള്‍ പ്രതിസന്ധിയിലാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് നടപടിയെടുത്തിരിക്കുന്നത്.

സ്‌കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി പാട്ടത്തിന് നല്‍കിയ കെട്ടിടങ്ങളുടെ വാടക 2018- 19 വര്‍ഷത്തില്‍ വര്‍ധിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘നോളജ് ഫണ്ട്’ സംഘടന പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും അവയുടെ പ്രവര്‍ത്തന ചെലവ് കുറക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെടുത്തിരിക്കുന്നത്. 30 വര്‍ഷമായി ദുബായില്‍ സഫയില്‍ പ്രവര്‍ത്തിച്ചു വരുന്ന എമിറേറ്റ്‌സ് ഇംഗ്ലീഷ് സ്പീക്കിങ് സ്‌കൂള്‍ ഈ അധ്യയന വര്‍ഷം പൂര്‍ത്തിയാവുന്നതോടെ പൂട്ടാന്‍ തീരുമാനിച്ചിരുന്നു.

സാമ്പത്തിക പ്രയാസങ്ങളാണ് സ്‌കൂള്‍ സേവനം നിര്‍ത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ ഫീസ് വാങ്ങുന്ന വിദ്യാലയങ്ങള്‍ക്ക് ഉയര്‍ന്ന വേതനം നല്‍കി അധ്യാപകരെ നിയമിക്കാന്‍ പ്രയാസമുണ്ട്. ഈ സാഹചര്യത്തില്‍ കെട്ടിട വാടക വര്‍ധന തടഞ്ഞതുള്‍പ്പെടെയുള്ള നടപടികള്‍ ദുബായിലെ ചെറുകിട, ഇടത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

Top