ദുബായില്‍ 2023 മുതല്‍ ഡ്രൈവറില്ലാത്ത ടാക്‌സികളില്‍ യാത്ര ചെയ്യാം

ദുബായ്: 2023 മുതല്‍ ദുബായില്‍ ഡ്രൈവറില്ലാത്ത ടാക്‌സികളില്‍ യാത്ര ചെയ്യാം. ഇതു സംബന്ധിച്ചുള്ള സുപ്രധാന കരാറില്‍ യുഎസ് കമ്പനിയായ ക്രൂസും ആര്‍ടിഎയും ഒപ്പുവെച്ചു. ഡ്രൈവര്‍മാരുടെ പിഴവ് മൂലം ഉണ്ടാകുന്ന അപകടങ്ങളില്‍ 90 ശതമാനവും സ്വയം നിയന്ത്രിത വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിലൂടെ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.

അമേരിക്കയ്ക്ക് പുറത്ത് ക്രൂസ് സ്വയം നിയന്ത്രിത വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന ആദ്യ നഗരമാകും ദുബായ്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ ക്രൂസ് ലീഗല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെഫ് പെലെഷ്, ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ എന്നിവരാണ് ഒപ്പുവെച്ചത്.

ഡ്രൈവറില്ലാ വാഹനങ്ങളിലൂടെ ഗതാഗതമേഖലയില്‍ വിപ്ലവത്തിന് വഴിയൊരുങ്ങുമെന്ന് മത്തര്‍ അല്‍ തായര്‍ പറഞ്ഞു. വിവിധ രാജ്യാന്തര കമ്പനികളുമായി സഹകരിച്ച് ദുബായില്‍ ഓട്ടോണമസ് വാഹനങ്ങള്‍ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്.

Top