ഡ്രൈവറില്ലാ കാർ, പറക്കും ടാക്സി; നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ ദുബായി

ദുബായ് നഗരത്തിലെ ഗതാഗതരംഗത്തിന്റെ മുഖച്ഛായ മാറ്റുന്ന നവീന പദ്ധതികളുമായി ആര്‍.ടി.എ. പറക്കും ടാക്‌സിയടക്കമുള്ള ഡ്രൈവര്‍രഹിത വാഹനങ്ങള്‍ സുരക്ഷിതമായി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന നഗരഭാഗങ്ങള്‍ ആര്‍.ടി.എ. തിട്ടപ്പെടുത്തി.

ദുബായ് വേള്‍ഡ് ചലഞ്ച് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ട് ലോജിസ്റ്റിക്കിനായി റോബോട്ടുകളെയും വിവിധ കേന്ദ്രങ്ങളില്‍ സ്വയംനിയന്ത്രിത ബസുകളെയും പരീക്ഷിച്ചതായി ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മത്താര്‍ മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

ആഗോള സാങ്കേതിക സേവനദാതാക്കളും സ്ഥാപനങ്ങളുമായും ചേര്‍ന്ന് സ്വയം നിയന്ത്രിത പറക്കും ടാക്‌സി, ദുബായ് സ്‌കൈ പോഡ്, നൂതന ഇലക്ട്രിക് സ്‌കൂട്ടര്‍ തുടങ്ങി വിവിധ ഗതാഗതസംവിധാനങ്ങള്‍ സാധ്യമാക്കും. അപകടങ്ങള്‍, സാങ്കേതിക തകരാറുകള്‍, അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത തുടങ്ങിയ വെല്ലുവികളെക്കുറിച്ചും കൃത്യമായ അവബോധമുണ്ട്. എങ്കിലും ഭാവി ഗതാഗതരീതികള്‍ ഇവയെല്ലാമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2030-ഓടെ ദുബായ് ഗതാഗത സംവിധാനത്തിന്റെ 25 ശതമാനം ഇത്തരം സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ളതാകും. 20 മിനിറ്റ് സിറ്റി എന്ന ആശയത്തിലുള്ള പദ്ധതികളാണ് നടപ്പാക്കുക. കുറഞ്ഞ സമയത്തിനുള്ളില്‍ നഗരത്തില്‍ സുഖകരമായി സഞ്ചരിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുക

Top