ദുബായ് അണിഞ്ഞൊരുങ്ങുകയാണ്; സഹോദരമാരുടെ വിവാഹത്തിനായി

ദുബായ്: ദുബായ് കിരീടാവകാശിയുടേയും സഹോദരന്‍മാരുടേയും വിവാഹ ചടങ്ങുകള്‍ക്കായി അണിഞ്ഞൊരുങ്ങുകയാണ് ദുബായ് നഗരം. ചെറിയ പെരുന്നാള്‍ അവധിക്കാലത്താണ് വിവാഹം. മെയ് 15ന് ഇസ്ലാമിക രീതിയിലുള്ള വിവാഹവും വിവാഹ കരാര്‍ ഒപ്പു വെയ്ക്കലും നടന്നിരുന്നു.

കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും, മറ്റൊരു സഹോദരനും മുഹമ്മദ് ബിന്‍ റാഷിദ് നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ആണ് വിവാഹിതരായത്.പെരുന്നാള്‍ ആഘോഷങ്ങള്‍ക്കൊപ്പമാണ് വിവാഹാഘോഷങ്ങളും നടക്കുന്നത്.

ജൂണ്‍ ആറിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ വെച്ചാണ് വിവാഹാഘോഷ ചടങ്ങുകള്‍ നടക്കുന്നത്. ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളും രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് അതിഥികളും ചടങ്ങില്‍ പങ്കെടുക്കും.

വിവാഹാഘോഷങ്ങളുടെ തീയ്യതി നിശ്ചയിച്ചത് മുതല്‍ ദുബായ് പാലസ് ദീപാലംകൃതമാണ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Top