ഭാര്യയും സ്‌പോണ്‍സറും ചേര്‍ന്ന് തട്ടിയെടുത്ത കട ഉടമക്ക് നല്‍കാന്‍ ഉത്തരവിട്ട് കോടതി

court

ദുബായ്: അനന്തിരവന്റെ ഭാര്യയും സ്‌പോണ്‍സറും ചേര്‍ന്ന് തട്ടിയെടുത്ത കട യഥാര്‍ഥ ഉടമക്ക് നല്‍കുന്നതിന് ഉത്തരവിട്ട് കോടതി. പ്രവാസിയായ തൃശൂര്‍ വടക്കേക്കാട് സ്വദേശി ഉസ്മാനാണ് കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചിരിക്കുന്നത്. ഉസ്മാന്‍ 2011ല്‍ ഉമ്മുല്‍ഖുവൈനില്‍ ആരംഭിച്ച അല്‍വാദി ഫര്‍മില്ലാണ് 2015ല്‍ മറ്റുള്ളവര്‍ ചേര്‍ന്ന് പിടിച്ചെടുത്തിരിക്കുന്നത്.

ഉസ്മാന്റെ സ്‌പോണ്‍സറുടെ പേരിലായിരുന്നു സ്ഥാപനത്തിന്റെ ലൈസന്‍സ് ഉണ്ടായിരുന്നത്. കടയുടെ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി ഉസ്മാനെ മാനേജരാക്കുകയായിരുന്നു. പിന്നീട് സഹോദരി പുത്രനും ഭാര്യയും ചേര്‍ന്ന് ഉസ്മാനെ കടയില്‍ നിന്ന് പുറത്താക്കി. പിന്നീട് 51 ശതമാനം ഓഹരി സ്‌പോണ്‍സറുടെയും 49 ശതമാനം ഓഹരി തങ്ങളുടെയും പേരിലേക്ക് ചേര്‍ക്കുകയുമായിരുന്നു. എന്നാല്‍ കട പിടിച്ചെടുത്തവര്‍ ബാങ്ക് വായ്പ അടയ്ക്കാതായതോടെ ഉസ്മാന്റെ പേരില്‍ ബാങ്ക് നടപടിയും എടുത്തു.

ബാധ്യതകള്‍ കൂടിയതോടെ സീനിയര്‍ ലീഗല്‍ കണ്‍സല്‍റ്റന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന സ്‌പോണ്‍സര്‍ക്കും അനന്തരവന്റെ ഭാര്യയ്ക്കും എതിരെ ഉസ്മാന്‍ കേസ് നല്‍കി. തുടര്‍ന്ന് കോടതി ഉസ്മാന് അനുകൂലമായി ഉത്തരവു പുറപ്പെടുവിച്ചെങ്കിലും എതിര്‍കക്ഷികള്‍ അപ്പീല്‍ ഫയല്‍ ചെയ്തു. തുടര്‍ന്ന് ഉസ്മാന്‍ അബുദാബി സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി എത്തുകയുമായിരുന്നു.

Top