Dubai Civil Aviation Authority strengthening laws for drones

ദുബായ് : പരിധികള്‍ ലംഘിച്ചു പറക്കുന്ന ഡ്രോണുകള്‍ ഭീഷണിയാകുന്ന സാഹചര്യത്തില്‍ ദുബായില്‍ ഡ്രോണുകള്‍ക്ക് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നതായി സിവില്‍ വ്യോമയാന അതോറിറ്റിയുടെ മുന്നറിയിപ്പ്.

വാങ്ങുന്ന കടയില്‍ വച്ചുതന്നെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഡ്രോണുമായി പുറത്തിറങ്ങാനാകൂ. ഡ്രൈവിങ് ലൈസന്‍സ് പോലെ കര്‍ശന വ്യവസ്ഥകളോടെ വില്‍പനശാലകളില്‍ റജിസ്‌ട്രേഷന്‍ കാര്‍ഡ് ലഭ്യമാക്കും.

ലൈസന്‍സ് ഇല്ലാതെ ഡ്രോണ്‍ പറത്തിയാല്‍ നിലവില്‍ 20,000 ദിര്‍ഹം വരെയാണു പിഴ. റമസാനു ശേഷം പുതിയ നിയമം നടപ്പാക്കാനാണു ഡിസിഎഎ തീരുമാനം.

ഓരോ റജിസ്‌ട്രേഷനും സൂക്ഷ്മമായി വിലയിരുത്തുകയും വാങ്ങുന്നവര്‍ക്കു ഡ്രോണ്‍ പറത്താനുള്ള മികവ് ഉറപ്പാക്കുകയും ചെയ്യും. ഇതിനായി ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ പോലെ അംഗീകൃത സ്ഥാപനങ്ങള്‍ക്കു ചുമതല നല്‍കും.

ഡ്രോണുകള്‍ക്ക് നിശ്ചിത മേഖലകളില്‍ പറക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. പരിധി ലംഘിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ സ്‌കൈ കമാന്‍ഡര്‍ എന്ന ഉപകരണം ഓരോ ഡ്രോണിലും ഘടിപ്പിക്കും. പരിധി ലംഘിച്ചാലുടന്‍ ഗ്രൗണ്ട് സ്‌റ്റേഷനില്‍ സന്ദേശം ലഭിക്കും.

ഉല്ലാസത്തിനുള്ള 1000 ഡ്രോണുകളും വാണിജ്യാവശ്യത്തിനുള്ള 57 ഡ്രോണുകളും ഡിസിഎഎയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡ്രോണുകള്‍ പരിധി ലംഘിച്ചതിനെ തുടര്‍ന്ന് നാലുതവണ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടുണ്ട്.

Top