സുരക്ഷാ മുന്‍കരുതലുകളോടെ സിനിമ പ്രദര്‍ശനം ആരംഭിക്കാനൊരുങ്ങി ദുബായ്

ദുബായ്: കോവിഡ് വ്യാപന ഭീതിയില്‍ അടച്ചിട്ട സിനിമാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാനൊരുങ്ങി ദുബായ്. ബുധനാഴ്ചയാണ് പ്രദര്‍ശനം പുനരാരംഭിക്കുന്നത്. സിനിമാ പ്രേക്ഷകര്‍ക്ക് സംതൃപ്തിയും സന്തോഷവും ലഭിക്കുന്ന വിധത്തില്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് സിനിമാശാലകള്‍ തുറക്കുന്നതെന്ന് മാജിദ് അല്‍ ഫുതൈം കമ്പനി അധികൃതര്‍ അറിയിച്ചു.

സിനിമാ ഹാളിലേക്ക് പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും ഓരോ പ്രദര്‍ശനത്തിനു ശേഷവും ഉള്‍ഭാഗവും ഉപരിതലവും അണുവിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്യുമെന്നും കമ്പനി പറഞ്ഞു. മാത്രമല്ല സന്ദര്‍ശകര്‍ക്ക് ആരോഗ്യ സുരക്ഷാവബോധം സൃഷ്ടിക്കാനായി നിലത്ത് സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്.

അതേസമയം, ഭക്ഷണപ്പൊതികളില്‍ അന്യരുടെ കരസ്പര്‍ശം ഒഴിവാക്കാന്‍ സിനിമ കാണാനെത്തുന്നവര്‍ അവരുടെ ടിക്കറ്റുകളും ആവശ്യമായ ലഘുഭക്ഷണ, പാനീയങ്ങളും മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കണമെന്നും പണമടക്കുന്നതും ടിക്കറ്റ് സ്‌കാന്‍ ചെയ്യുന്നതും സന്ദര്‍ശകരായിരുക്കുമെന്നും കമ്പനി പറഞ്ഞു.

പ്രദര്‍ശനം കഴിഞ്ഞ ശേഷം ഓരോ നിരകളില്‍ നിന്നും സുരക്ഷിതരായി പുറത്തിറങ്ങണമെന്നും ഇതു എപ്രകാരമാണെന്നറിയാന്‍ സിനിമാ ഹാളിലെ ജീവനക്കാരുടെ സഹായം തേടേണ്ടതാണെന്നും കോവിഡ് പശ്ചാത്തലത്തിലുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും സിനിമാ പ്രേക്ഷകരുടെ സുരക്ഷ അടിസ്ഥാനമാക്കിയാണെന്ന് കമ്പനിയധികൃതര്‍ അറിയിച്ചു. മാത്രമല്ല ഇതു സംബന്ധിച്ചുള്ള വീഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

Top