ഇന്റര്‍വ്യൂവിനെന്ന് പറഞ്ഞ് വിളിച്ച് വരുത്തി; പണവും ആഭരണങ്ങളും കവര്‍ന്നു

ദുബായ്: ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ കയ്യില്‍ നിന്നും പണവും ആഭരണങ്ങളും കവര്‍ന്നു. ദുബായില്‍ ഇന്റര്‍വ്യൂവിനെന്ന് പറഞ്ഞ് യുവതിയെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി മോഷണം നടത്തിയ സംഭവത്തില്‍ ബിസിനസുകാരന് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 39 വയസുകാരനായ ബംഗ്ലാദേശ് പൗരനെതിരെയാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. തടവിന് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സെപ്തംബര്‍ 27നാണ് ഇയാള്‍ 28കാരിയായ യുവതിയെ ഇന്റര്‍വ്യൂവിനെന്ന പേരില്‍ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി, 4000 ദിര്‍ഹവും 1800 ദിര്‍ഹം വിലവരുന്ന ആഭരണവും കൊള്ളയടിച്ചത്. സംഭവം നടക്കുന്നതിന്റെ തലേദിവസം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് ബിസിനസുകാരനെ യുവതി പരിചയപ്പെട്ടത്. തനിക്കൊരു കടയുണ്ടെന്നും അവിടേക്ക് ജീവനക്കാരിയെ ആവശ്യമുണ്ടെന്നും ഇയാള്‍ പറഞ്ഞു. യുവതി താല്‍പര്യം അറിയിച്ചപ്പോള്‍ പിറ്റേദിവസം ഇന്റര്‍വ്യൂവിന് വരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പ്രതി നല്‍കിയ അഡ്രസ്സ് അന്വേഷിച്ച് എത്തിയപ്പോഴാണ് അത് ഒരു ഫ്‌ലാറ്റിന്റേതാണെന്ന് യുവതി മനസ്സിലാക്കുന്നത്. വിവിധ രാജ്യക്കാരായ നിരവധി സ്ത്രീകള്‍ അവിടെയുണ്ടായിരുന്നു. പ്രതിയെ കണ്ടപ്പോള്‍ ഒരു മുറിയിലേക്ക് വിളിച്ച് ‘ഇന്റര്‍വ്യൂ’ തുടങ്ങി. അവിടെയുള്ള മറ്റ് സ്ത്രീകളോടൊപ്പം വേശ്യാവൃത്തി ചെയ്യണമെന്നും അങ്ങനെ പണം സമ്പാദിക്കാം എന്നുമായിരുന്നു ആദ്യത്തെ വാഗ്ദാനം. തനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ച് പോകാന്‍ ശ്രമിക്കുമ്പോഴാണ് വാതില്‍ പൂട്ടിയിരിക്കുന്നുവെന്ന് മനസിലായത്. തന്നെ കടന്നുപിടിച്ച് ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും കൈവശമുള്ള പണവും ആഭരണവും കൈക്കല്ലാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു.

Top