കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്‌; ദുബായില്‍ ബീച്ചുകളും പാര്‍ക്കുകളും ഫ്രെയിമും തുറന്നു

ദുബായ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെ തുടര്‍ന്ന് ദുബായില്‍ ബീച്ചുകളും പ്രധാന പാര്‍ക്കുകളും ദുബായ് ഫ്രെയിമും തുറന്നു. ജുമൈറ ബീച്ച് റസിഡന്‍സ് , മംസാര്‍, ജുമൈറ, ഉം സുഖൈം ബീച്ചുകള്‍, പ്രധാന പാര്‍ക്കുകള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പ്രവേശനം അനുവദിച്ചത്.

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം കൂടുതല്‍ സംവിധാനങ്ങളോടെയാണ് പാര്‍ക്കുകള്‍ തുറക്കുന്നത്. പാര്‍ക്കുകളിലും ദിവസവും അണുനശീകരണം നടത്തും. മേല്‍നോട്ടത്തിനു പ്രത്യേക പരിശീലനം നല്‍കിയ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. താമസകേന്ദ്രങ്ങളോടനുബന്ധിച്ചുള്ള പാര്‍ക്കുകള്‍, പോണ്ട് പാര്‍ക്കുകള്‍, ഖുര്‍ആന്‍ പാര്‍ക്ക് എന്നിവയടക്കം 70 പാര്‍ക്കുകള്‍ 18ന് തുറന്നിരുന്നു.

മാര്‍ച്ച് 15നാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിലെ ചരിത്ര-പൈതൃക കേന്ദ്രങ്ങള്‍ അടച്ചിട്ടത്.

അതേസമയം, ദുബായിലെ എല്ലാ മ്യൂസിയങ്ങളും തിങ്കളാഴ്ച തുറക്കും. അല്‍ ഷിന്ദഗ, ഇത്തിഹാദ് മ്യൂസിയങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയും കോയിന്‍സ് മ്യൂസിയം രാവിലെ 8 മുതല്‍ ഉച്ചയ്ക്കു 2 വരെയും പ്രവര്‍ത്തിക്കുമെന്നു ദുബായ് കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി വ്യക്തമാക്കി. ഉള്‍ക്കൊള്ളാവുന്നതിന്റെ 50% പേര്‍ക്കാണു പ്രവേശനം അനുവദിക്കുക. 12 നും 59നും ഇടയ്ക്കു പ്രായമുള്ളവര്‍ക്കു മാത്രമാണു പ്രവേശനം. കുടുംബാംഗങ്ങളായാലും 5 പേരില്‍ കൂടുതല്‍ കൂട്ടംചേരാന്‍ അനുവദിക്കില്ലെന്നും പൊതുപരിപാടികള്‍ അനുവദിക്കില്ലെന്നും കറന്‍സി കൈമാറ്റം പരമാവധി ഒഴിവാക്കി നോല്‍-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Top