എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ദുബായ്

ദുബായ്: എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. പതിനഞ്ച് ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. വിലക്കിനെ തുടര്‍ന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്.

ഇന്നു മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ് വിലക്കുണ്ടാവുക. സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് കോവിഡ് പോസിറ്റീവായ യാത്രക്കാരനെ ഇന്ത്യയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ രണ്ട് തവണ നടപടി ഉണ്ടായിട്ടുണ്ടെന്നാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നത്. ഇത് ഗുരുതര വീഴ്ചയാണെന്നും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നു.

ഈ മാസം നാലിന് ജയ്പൂരില്‍ നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരന്‍ കോവിഡ് പോസിറ്റീവ് റിസള്‍ട്ടുമായാണ് യാത്ര ചെയ്തത്. ഇതാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നടപടിക്ക് ഇടയാക്കിയത്.

Top