ദുബൈയിൽ യുവാവ് സുഹൃത്തിനെ കുത്തി കൊന്ന കേസിൽ വിചാരണ തുടങ്ങി

ദുബൈ: തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ ദുബൈയില്‍ 24കാരനെതിരെ വിചാരണ തുടങ്ങി. പാകിസ്ഥാന്‍ സ്വദേശിയായ ഇയാള്‍ അടുക്കളയില്‍ ഉപയോഗിച്ചിരുന്ന കത്തി കൊണ്ടാണ് സുഹൃത്തിനെ കുത്തിയത്. കുത്തേറ്റ പാകിസ്ഥാന്‍ സ്വദേശി ചികിത്സ തേടിയിരുന്നില്ല. പിറ്റേ ദിവസമാണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇയാള്‍ മരിച്ചത്. കുത്തേറ്റയാള്‍ തന്റെ സുഹൃത്തായ മറ്റൊരു പാകിസ്ഥാനി ഡ്രൈവറെ ഫോണില്‍ വിളിക്കുകയും, സത്‍വയില്‍ വെച്ച് താന്‍ ഒരാളുമായി വഴക്കുണ്ടാക്കിയെന്നും തന്നെ ഉമ്മുല്‍ഖുവൈനിലെ താമസ സ്ഥലത്ത് എത്തിക്കണമെന്നും ആവശ്യപ്പെട്ടു.

ക്ഷീണിതനായിരുന്ന ഇയാള്‍ മദ്യലഹരിയിലുമായിരുന്നെന്നും വസ്‍ത്രങ്ങളിലൊന്നും രക്തം പുരണ്ടിരുന്നില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കി. പിറ്റേ ദിവസമാണ് ഇയാള്‍ മരണപ്പെട്ട വാര്‍ത്ത അറിയുന്നത്.കേസിലെ പ്രതിയുടെ താമസ സ്ഥലത്തുവെച്ച് കഴിഞ്ഞ നവംബറിലായിരുന്നു സംഭവമെന്ന് കോടതി രേഖകള്‍ പറയുന്നു. കൊല്ലപ്പെട്ടയാള്‍ പ്രതിയെ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണം.

Top