പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് മൂന്നാം ഡോസ് വാക്സിന്‍ നല്‍കാന്‍ ഒരുങ്ങി ദുബായ്

ദുബായ്: വിവിധ കാരണങ്ങളാല്‍ ശാരീരിക പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികള്‍ക്ക് മൂന്നാം ഡോസായി ഫൈസര്‍ ബയോണ്‍ടെക്ക് വാക്സിന്‍ നല്‍കാനുള്ള തീരുമാനവുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി. 12 വയസ്സിന് മുകളിലുള്ളവരും പ്രതിരോധ ശേഷി കുറയ്ക്കുന്ന ആരോഗ്യ പ്രശ്നങ്ങളുള്ളവരുമായ ആളുകള്‍ക്കാണ് ബാസ്റ്റര്‍ ഡോസായി ഫൈസര്‍ വാക്സിന്‍ നല്‍കുക.

വിവിധ കാരണങ്ങളാല്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസിലൂടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. എന്നാല്‍, ഇവരില്‍ ആരെല്ലാം ബൂസ്റ്റര്‍ ഡോസ് എടുക്കണം എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ നിലവില്‍ ചികില്‍സിക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്നും ഡിഎച്ച്എ അറിയിച്ചു.

മൂന്നാം ഡോസ് ആവശ്യമായി വരുന്ന പക്ഷം ചികില്‍സിക്കുന്ന ഡോക്ടര്‍ തന്നെ വാക്സിനേഷന് സൗകര്യമൊരുക്കും. ദുബായിലെ സ്വദേശികളും പ്രവാസികളും മറ്റിടങ്ങളില്‍ നിന്നാണ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നതെങ്കില്‍ മൂന്നാം ഡോസ് എടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ചികില്‍സിക്കുന്ന ഡോക്ടറില്‍ നിന്ന് വാങ്ങിനല്‍കണം.

അതേസമയം, രണ്ട് ഡോസ് വാക്സിന്‍ എടുക്കുകയും പ്രതിരോധ ശേഷിക്കുറവിന്റെ പ്രശ്നങ്ങള്‍ നേരിടാത്തവരുമായ ആളുകളെ സംബന്ധിച്ചിടത്തോളം അവര്‍ മൂന്നാം ഡോസ് വാക്സിന്‍ എടുക്കേണ്ടതില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

 

Top