ന്യൂഡൽഹി : പ്രധാനമന്ത്രി ഇന്ന് മുഖ്യാതിഥിയാകുന്ന ഡൽഹി സർവകലാശാല ശതാബ്ദി ആഘോഷ സമാപന പരിപാടിയുടെ തത്സമയ സ്ക്രീനിങ്ങിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാർഥികളോട് കൂടുതൽ കോളജുകൾ. ഹിന്ദു കോളേജിനു പിന്നാലെ അംബേദ്കർ, സാഖിർ ഹുസൈൻ, കിറോറി മാൽ കോളജുകളും വിദ്യാർഥികൾക്കു നോട്ടിസ് നൽകി.
കോളജുകളുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം വിദ്യാർഥികൾ ഉയർത്തിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ കർശന നടപടി ഉണ്ടാകും എന്നും കറുപ്പ് ധരിച്ച് എത്തരുതെന്നുമാണ് ഹിന്ദു കോളജിലെ നിർദേശം. 11 മണി മുതൽ 12 മണി വരെ സെൻട്രൽ ഓഡിറ്റോറിയത്തിലാണു പരിപാടി.
കലാപത്തിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ മണിപുരിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും പ്രതിഷേധത്തിലാണ്. ഭയപ്പെടുത്തേണ്ടെന്ന നിലപാടിലാണ് വിദ്യാർഥികളും വിദ്യാർഥി സംഘടനകളും. പരിപാടിയുടെ ഭാഗമായി വൻ സുരക്ഷയാണ് സർവകലാശാലയ്ക്ക് ചുറ്റും ഒരുക്കിയിട്ടുള്ളത്.
ഡൽഹി സർവകലാശാലയുടെ നൂറാം വാർഷികത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണു മോദി ഇന്ന് ക്യാംപസിലെത്തുന്നത്. സന്ദർശനത്തിൽ പുതിയ മൂന്ന് കെട്ടിടത്തിന്റെ തറക്കല്ലിടും. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിലെ എല്ലാ കോളജുകളിലും പരിപാടി ലൈവായി പ്രദർശിപ്പിക്കും.