ഡിഎസ്പി ദേവീന്ദര്‍ സിംഗിന്റെ അറസ്റ്റ്; കേന്ദ്ര സര്‍ക്കാരിനെതിരെ നാല് ചോദ്യങ്ങളുമായി രാഹുല്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം ഡിഎസ്പി ദേവീന്ദര്‍ സിംഗ് അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡിഎസ്പിയുടെ അറസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ മൗനത്തിലാണെന്ന് രാഹുല്‍ പറഞ്ഞു. ഒപ്പം കേന്ദ്രസര്‍ക്കാരിനെതിരെ നാല് ചോദ്യങ്ങളും രാഹുല്‍ ഉന്നയിച്ചു.

രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ കേന്ദ്രത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്.

1. എന്ത് കൊണ്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവര്‍ സംഭവത്തില്‍ നിശബ്ദരായിരിക്കുന്നു?

2. പുല്‍വാമ ഭീകരാക്രമണത്തില്‍ ദേവീന്ദര്‍ സിംഗിന്റെ പങ്ക് എന്താണ്?
3. എത്രത്തോളം മറ്റ് തീവ്രവാദികളെ ഡിഎസ്പി ദേവീന്ദര്‍ സിംഗ് സഹായിച്ചിട്ടുണ്ട്?

4. ആരാണ് ഇയാളെ സംരക്ഷിച്ചത്,എന്തിന്?

ഇയാള്‍ക്കെതിരായി ഫാസ്റ്റ്ട്രാക്ക് വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും, ഇയാള്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ രാജ്യദ്രോഹത്തിന് കഠിനമായ ശിക്ഷ തന്നെ നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ചയാണ് ദേവീന്ദര്‍ സിംഗിനേയും രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പിന്നീട് ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് എകെ -47 റൈഫിളുകള്‍ പോലീസ് കണ്ടെടുത്തിരുന്നു.

Top